ഉള്ളുലച്ച ഉരുൾപൊട്ടലിന് രണ്ടാണ്ട്; മുണ്ടക്കൈ-ചൂരൽമല ഓർമകളിൽ ഇന്നും തീരാത്ത വേദന

രണ്ട് വർഷങ്ങൾക്കിപ്പുറം ദുരന്തം കവർന്ന മുണ്ടക്കൈയിലെ വഴിയോരങ്ങളിൽ വീണ്ടും പച്ചപ്പ് വിരിച്ചുതുടങ്ങിയിരിക്കുന്നു. എന്നാൽ, ആ ഇരുണ്ട രാത്രിയിൽ ജീവൻ രക്ഷിക്കാൻ ഓടിയെത്തിയവരുടെ മനസിൽ ഇന്നും ആർത്തലയ്ക്കുന്ന മഴ അവസാനിച്ചിട്ടില്ല. കേരളത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വയസ് തികയുകയാണ്. 2024 ജൂലൈ 30ന് പുലർച്ചെ രണ്ട് മണിയോടെ വെള്ളരിമലയുടെ ഒരു ഭാഗം ഉരുളിന്റെ രൂപത്തിൽ താഴേക്ക് ഒലിച്ചിറങ്ങിയപ്പോൾ നഷ്ടമായത് ഒരുപാട് മനുഷ്യരുടെ സ്വപ്നങ്ങളും ജീവനുമാണ്. 44 പേർ ഇപ്പോഴും കാണാമറയത്താണെന്നതും 32 പേരെ മരിച്ചതായി കണക്കാക്കി സർക്കാർ പ്രഖ്യാപിച്ചതുമെല്ലാം ഈ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.നിലവിളികളും ഇരുട്ടും ചെളിയും മരണത്തിന്റെ ഗന്ധവും ഇന്നും ദുരന്തബാധിതരുടെ ഓർമകളിൽ ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്നു. ‘ചെളിയിൽ പുതഞ്ഞുകിടന്നത് ഒരു പാവയാണെന്നാണ് ആദ്യം കരുതിയത്, എന്നാൽ അതൊരു കുഞ്ഞായിരുന്നു’ എന്ന് ദുരന്തമുഖത്ത് ആദ്യം ഓടിയെത്തിയ രക്ഷാപ്രവർത്തകർ വിതുമ്പലോടെ ഓർക്കുന്നു. ദുരന്തം നടന്ന പുലർച്ചെ രണ്ടരയോടെ അവിടെയെത്തിയവർക്ക് യാതൊരു ആശയവിനിമയ സൗകര്യങ്ങളുമുണ്ടായിരുന്നില്ല. മൊബൈൽ ഫോണുകളോ വെളിച്ചമോ ഇല്ലാത്ത ആ ഇരുട്ടിൽ ഓരോ മേഖലകളിലേക്ക് മുന്നോട്ട് പോകുംതോറുമാണ് എത്രത്തോളം വലിയൊരു ദുരന്തമുഖത്താണ് എത്തിപ്പെട്ടതെന്ന ഭീകരത അവർക്ക് മനസിലായത്.ദുരന്തം നടന്ന ആദ്യ മണിക്കൂർ മുതൽ രക്ഷാപ്രവർത്തനത്തിനായി എത്തിയത് നൂറുകണക്കിന് മനുഷ്യരാണ്. എൻഡിആർഎഫ്, ഫയർഫോഴ്സ്, എസ്ടിആർഎഫ്, പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം സന്നദ്ധപ്രവർത്തകരും ചൂരൽമലയിലെത്തി. കനത്ത മഴയെയും മണ്ണിടിച്ചിലിന്റെ ഭീഷണിയെയും വകവെക്കാതെ ഓരോ കല്ലും മരക്കൊമ്പും മാറ്റി ജീവനുള്ളവരെ തേടിയുള്ള പോരാട്ടമായിരുന്നു അവിടെ നടന്നത്. വെള്ളരിമലയിൽ നിന്നും പൊട്ടിയൊലിച്ച ദുരന്തത്തിന്റെ അവശിഷ്ടങ്ങൾ കിലോമീറ്ററുകൾ താണ്ടി നിലമ്പൂരിലും ചാലിയാറിലും വരെ എത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിനെത്തിയ ഏവർക്കും മുണ്ടക്കൈ സ്വന്തം നാടായി മാറി. വിശപ്പും ഉറക്കവും മറന്ന് ദിവസങ്ങളോളം അവർ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മനുഷ്യനന്മയുടെ ലോകമാതൃകയായി.ദുരന്തബാധിതർ ഇപ്പോഴും അതിജീവനത്തിന്റെ പാതയിലാണ്. ഇവരിൽ നിരവധി പേർ ഇപ്പോഴും വാടക വീടുകളിലാണ് കഴിയുന്നത്. ദുരന്തത്തിന് പിന്നാലെ സർക്കാർ നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും പലതും ഇന്നും വാഗ്ദാനങ്ങളായി തന്നെ കിടക്കുകയാണെന്നും, അവ എപ്പോൾ നിറവേറ്റുമെന്ന ചോദ്യവും ദുരന്തബാധിതർ ചോദിക്കുന്നുണ്ട്.ദുരന്തത്തിൽ മരിച്ചവരെ അടക്കം ചെയ്ത പുത്തുമലയിലെ ‘ഹൃദയഭൂമിയിൽ’ ഇന്ന് വിപുലമായ അനുസ്മരണ ചടങ്ങുകളാണ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് പുഷ്പാർച്ചനയും ഒൻപത് മണിക്ക് സർവ്വമത പ്രാർഥനനയും നടക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രിമാർ, ജില്ലാ കളക്ടർ, സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ദുരന്തബാധിതർക്ക് കൽപറ്റയിൽ നിന്ന് പുത്തുമലയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ പ്രത്യേക കെഎസ്ആർടിസി സർവീസുകളും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ, ഹൃദയഭൂമിയിൽ 4600 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു സ്മൃതികുടീരം സർക്കാർ നിർമിക്കും. ജില്ലാ നിർമിതി കേന്ദ്രത്തിനാണ് ഇതിന്റെ നിർമാണ ചുമതല.




