
കൊച്ചി: വാളയാർ കേസിൽ ആത്മഹത്യ പ്രേരണക്കുറ്റത്തിന് പ്രതിചേർക്കപ്പെട്ട കുട്ടികളുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് ഹൈകോടതി വീണ്ടും നീട്ടി. തങ്ങളെ പ്രതികളാക്കി സി.ബി.ഐ നൽകിയ കുറ്റപത്രങ്ങൾ റദ്ദാക്കി കൊലപാതകത്തിൽ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ ഉത്തരവ്. അറസ്റ്റ് കോടതി നേരത്തേ തടയുകയും കൊച്ചി സി.ബി.ഐ പ്രത്യേക കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഹരജിക്കാരെ താൽക്കാലികമായി ഒഴിവാക്കുകയും ചെയ്തിരുന്നു. ഹരജി വീണ്ടും ജൂലൈ ഒമ്പതിന് പരിഗണിക്കും.സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഒമ്പതിലും മാതാപിതാക്കളെ പ്രതി ചേർത്തിരുന്നു. പ്രേരണ കുറ്റമടക്കം ചുമത്തിയ കേസുകളിൽ യഥാക്രമം രണ്ടും മൂന്നും പ്രതികളാണിവർ.
