
‘
ദില്ലി: പഹൽഗാമിൽ തന്റെ ഭർത്താവ് ഭീകരവാദിയുടെ വെടിയേറ്റ് കൺമുന്നിൽ കൊല്ലപ്പെടുന്നത് കണ്ട പല്ലവി റാവു ഒന്നേ ആവശ്യപ്പെട്ടുള്ളൂ. തന്നെയും മകനെയും കൂടി വെടിവെച്ച് കൊല്ലൂ…. എന്നാൽ ഞെട്ടിക്കുന്നതായിരുന്നു ഭീകരവാദിയുടെ ഉത്തരം. ”നിന്നെ ഞങ്ങൾ കൊല്ലില്ല, പോകൂ, പോയി മോദിയോട് പറയൂ….” എന്നായിരുന്നു മറുപടി. കർണാടകയിലെ ശിവമോഗയിലെ റിയൽ എസ്റ്റേറ്റുകാരനായ മഞ്ജുനാഥ റാവുവാണ് ഭാര്യക്ക് മുന്നിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. 46 വയസ്സിനിടയിൽ ജന്മനാടായ കർണാടകയ്ക്ക് പുറത്ത് കുടുംബസമേതമായുള്ള ആദ്യത്തെ അവധിക്കാലം ആഘോഷമായിരുന്നു മഞ്ജുനാഥയുടേതും പല്ലവിയുടേതും. കർണാടകയിൽ നിന്നുള്ള രണ്ട് വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. മഞ്ജുനാഥക്കൊപ്പം ഭരത് ഭൂഷൺ എന്നയാളും കൊല്ലപ്പെട്ടു. മകൻ അഭിജിത്തിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് ശേഷമാണ് മഞ്ജുനാഥ യാത്ര ബുക്ക് ചെയ്തത്. ഏപ്രിൽ 19 ന് ശിവമോഗയിൽ നിന്ന് പോയ ഒരു സംഘത്തിലാണ് മഞ്ജുനാഥയും കുടുംബവുമുണ്ടായിരുന്നത്. മൽനാട് അരേക്ക മാർക്കറ്റിംഗ് കോ-ഓപ് സൊസൈറ്റിയുടെ ബിരൂർ ബ്രാഞ്ചിന്റെ ബ്രാഞ്ച് മാനേജറാണ് പല്ലവി. മകന് ഭക്ഷണം വാങ്ങാൻ പോയ സമയത്താണ് മഞ്ജുനാഥക്ക് വെടിയേറ്റത്. ആക്രമണത്തിന് തൊട്ടുമുമ്പ് വിനോദയാത്രയെക്കുറിച്ച് ഇരുവരും വീഡിയോ പകർത്തിയതും പുറത്തുവന്നു. മൂന്ന് ദിവസം മുമ്പാണ് മഞ്ജുനാഥ് റാവു ഭാര്യ പല്ലവിക്കും കുട്ടികൾക്കുമൊപ്പം ജമ്മു കശ്മീരിലെത്തിയത്. കശ്മീർ വളരെ മനോഹരമായിരുന്നുവെന്നും ബോട്ട്മാൻ മുഹമ്മദ് റഫീഖിനൊപ്പം ശിക്കാര സവാരിയെക്കുറിച്ചുള്ള സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. തീവ്രവാദികൾ പുരുഷന്മാരെ മാത്രമേ ലക്ഷ്യമിട്ടിട്ടുള്ളൂവെന്നും പല്ലവി വ്യക്തമാക്കി.
