Kerala

ഗണേഷ് കുമാർ പറഞ്ഞത് സർക്കാറിന്‍റെ നയമല്ല -വിമർശനവുമായി എ.കെ. ബാലൻ

തിരുവനന്തപുരം: അഖിലേന്ത്യാ പണിമുടക്കിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി എ.കെ. ബാലൻ. ഗണേഷ് കുമാറിന്‍റെ നിലപാട് സർക്കാറിന്‍റെ നയമല്ലെന്ന് എ.കെ. ബാലൻ പറഞ്ഞു. കെ.എസ്.ആർ.ടി.സി ബസുകൾ ഓടുന്നില്ല. ബസുകൾ ഓടും എന്ന തരത്തിൽ ഒരു മന്ത്രി പ്രസ്താവന നടത്തുന്നത് സമരത്തോടുള്ള വിയോജിപ്പാണ്. തൊഴിലാളികൾ സമരം നടത്താൻ പാടില്ല, ഡയസ്നോൺ നടപ്പിലാക്കും എന്നൊക്കെ ചില പരാമർശങ്ങൾ സർക്കാറിന്‍റെ ഭാഗമായ ചില വ്യക്തികളിൽ നിന്ന് കണ്ടു. അത് സർക്കാറിന്‍റെ നയമല്ല. അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ നടത്തുന്ന പ്രക്ഷോഭത്തോട് ശത്രുതാ മനോഭാവം കാണിക്കരുത് എന്നാണ് സർക്കാർ നയം. തെറ്റായ സന്ദേശം കൊടുക്കുന്ന ശബ്ദം ഗുണകരമായില്ല, അത് ഒഴിവാക്കേണ്ടതായിരുന്നു -എ.കെ. ബാലൻ പറഞ്ഞു.ദേശീയ പണിമുടക്ക് ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസുകള്‍ സര്‍വീസ് നടത്തുമെന്നാണ് ഗണേഷ് കുമാര്‍ ഇന്നലെ പ്രഖ്യാപിച്ചത്. കേരളത്തിലെ ജീവനക്കാർ സന്തുഷ്ടരാണെന്നും കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നുമാണ് മന്ത്രി അറിയിച്ചത്. പിന്നീട് ദേശീയ പണിമുടക്കിനെ നേരിടാൻ കെ.എസ്.ആർ.ടി.സി ഡയസ്നോൺ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കെ.എസ്.ആർ.ടി.സി പൊതുഗതാഗതമാണ്. അതുകൊണ്ട് തൊഴിലാളികള്‍ സമരം ഒഴിവാക്കുമെന്നാണ് വിശ്വസിക്കുന്നത്. സമരം ചെയ്യാന്‍ പറ്റുന്ന സാഹചര്യമല്ല കെ.എസ്.ആർ.ടി.സിക്ക് ഇപ്പോഴുള്ളത്. കഴിഞ്ഞ തവണ സമരം ചെയ്തപ്പോള്‍ ആറു ശതമാനം ജീവനക്കാര്‍ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇന്ന് പലയിടത്തും കെ.എസ്.ആർ.ടി.സി സർവീസുകൾ സമരക്കാർ തടയുകയും യാത്രക്കാർ ദുരിതത്തിലാകുകയും ചെയ്തിരിക്കുകയാണ്. കൊച്ചിയിലും തൃശൂരിലും കൊല്ലത്തും മലപ്പുറത്തും തിരുവനന്തപുരത്തും കൊട്ടാരക്കര ഡിപ്പോയിലും സമരക്കാർ ബസ് തടഞ്ഞു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ മണ്ഡലമായ പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ഒരു സർവീസ് പോലും നടത്തിയില്ല. കൊല്ലം ഡിപ്പോയിൽ നിന്ന് പുറപ്പെടാനിരുന്ന മൂന്നാർ, എറണാകുളം സർവിസുകൾ തടഞ്ഞു. തിരുവനന്തപുരത്ത് തമ്പാനൂർ സ്റ്റാൻഡിന് പുറത്തുനിന്ന് ചില ബസുകൾ സർവിസ് നടത്തി. കൊല്ലത്ത് സർവിസ് നടത്തുന്നതിനിടയിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടറെ സമരാനുകൂലികള്‍ മര്‍ദിച്ചതായി പരാതിയുയർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button