എന്താണ് സാർക്കോമ ക്യാൻസർ ? ലക്ഷണങ്ങൾ അറിയാം

സാർക്കോമ ക്യാൻസറിനെ കുറിച്ച് അധികം ആളുകൾക്കും അറിയില്ല. ശരീരത്തിലെ അസ്ഥി, പേശി, രക്തക്കുഴലുകൾ തുടങ്ങിയവയിൽ വികസിക്കുന്ന അപൂർവ തരം ക്യാൻസറാണ് സാർക്കോമ ക്യാൻസർ.
സാർക്കോമകളെ ബോൺ സാർകോമകൾ (അസ്ഥികളെ ബാധിക്കുന്നു) എന്നും സോഫ്റ്റ് ടിഷ്യു സാർകോമകൾ (പേശികൾ, കൊഴുപ്പ് തുടങ്ങിയ കലകളെ ബാധിക്കുന്നു) എന്നും തരംതിരിക്കുന്നു.
രാസവസ്തുക്കളുമായുള്ള നിരന്തര സമ്പർക്കം, വൈറസ് ബാധ, വിട്ടുമാറാത്ത ശരീരവീക്കം, റേഡിയേഷൻ തെറാപ്പി തുടങ്ങിയവും സാർക്കോമയിലേക്ക് നയിക്കാം. സാർക്കോമയെ തിരിച്ചറിയാൻ വൈകുന്നതാണ് ഇതിനെ ഏറ്റവും അപകടകാരിയാക്കുന്നത്. സാർക്കോമ പലപ്പോഴും അവസാന ഘട്ടത്തിലാണ് രോഗ നിർണയം നടത്തുക. ഇത് അപകട സാധ്യത കൂട്ടുന്നു.
സാർക്കോമ ക്യാൻസറിന്റെ ലക്ഷണങ്ങൾ
വേദനയില്ലാത്ത മുഴ അല്ലെങ്കിൽ വീക്കം
സാർക്കോമയുടെ ഏറ്റവും സാധാരണമായ ആദ്യകാല ലക്ഷണങ്ങളിൽ ഒന്ന് വേദനയില്ലാത്ത മുഴയോ അസ്ഥികളിൽ ഉണ്ടാകുന്ന വീക്കമോ ആണ്. മുഴയ്ക്ക് വേദന അനുഭവപ്പെടാത്തതിനാൽ പലരും അത് അവഗണിക്കാറാണ് പതിവ്.
ഇടയ്ക്കിടെ ഉണ്ടാകുന്ന അസ്ഥി വേദന
ഓസ്റ്റിയോസാർകോമ പോലുള്ള അസ്ഥികളിൽ ആരംഭിക്കുന്ന സാർകോമകൾ പലപ്പോഴും ബാധിച്ച അസ്ഥിയിലോ അവയവത്തിലോ വേദന ഉണ്ടാക്കുന്നു. ഈ വേദന ആഴ്ചകൾ അല്ലെങ്കിൽ മാസങ്ങളോളം നിൽക്കാം.
വീക്കം വരിക
ട്യൂമർ വളരുമ്പോൾ മുഴയ്ക്കോ അസ്ഥിക്കോ ചുറ്റും വീക്കം ഉണ്ടാകാം. ഒരു മുഴയ്ക്ക് സമീപം വീക്കം അനുഭവപ്പെടുകയോ സന്ധികളിൽ തുടർച്ചയായ കാഠിന്യം അനുഭവപ്പെടുകയോ ചെയ്താൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.
ഭാരം കുറയുക
പെട്ടെന്ന് ശരീരഭാരം കുറയുന്നതും വളരെ ക്ഷീണം തോന്നുന്നതും സാർകോമയുടെ പ്രാരംഭ ലക്ഷണമാകാം. ശ്രമിക്കാതെ തന്നെ ശരീരഭാരം കുറയുന്നത് പ്രധാന ലക്ഷണമാണ്. ശരീരഭാരം കുറയുന്നതു കണ്ടാൽ ഒരു ഓങ്കോളജിസ്റ്റിനെ സമീപിക്കേണ്ടത് പ്രധാനമാണ്.
