KeralaSpot light

ഇതെന്ത് മായാജാലം! റോഡ് പുറമ്പോക്കിലെ കെട്ടിടം പൊളിച്ചു നീക്കി; പിന്നിൽ തെളിഞ്ഞത് അതിമനോഹരമായ വെള്ളച്ചാട്ടം

മീങ്കുന്നത്തെ വെള്ളച്ചാട്ടം.

മൂവാറ്റുപുഴ∙ റോഡ് പുറമ്പോക്കിലെ ഒരു കെട്ടിടം പൊളിച്ചു നീക്കിയപ്പോൾ പിന്നിൽ തെളിഞ്ഞത് അതിമനോഹരമായ വെള്ളച്ചാട്ടം. പതിറ്റാണ്ടുകളായി ഒളിച്ചിരുന്ന വെള്ളച്ചാട്ടം മറ മാറ്റി പുറത്തു വന്നതോടെ കാഴ്ചയുടെ ജല വസന്തം തീർക്കുകയാണ് മീങ്കുന്നം വെള്ളച്ചാട്ടം. കൊച്ചി – ധനുഷ്കോടി റോഡിൽ ചീയപ്പാറ വെള്ളച്ചാട്ടം പോലെ എംസി റോഡ‍രികിലെ മീങ്കുന്നം വെള്ളച്ചാട്ടവും കാഴ്ചക്കാരെ ആകർഷിക്കുകയാണ്. മൂവാറ്റുപുഴ നഗരത്തിൽ നിന്ന് 10 കിലോമീറ്റർ എംസി റോഡിലൂടെ യാത്ര ചെയ്താൽ എത്തുന്ന മീങ്കുന്നം സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയോടു ചേർന്നാണ് വെള്ളച്ചാട്ടം. പള്ളിക്കു മുന്നിലെ കൂറ്റൻ പിയാത്ത പ്രതിമയുടെ പശ്ചാത്തലത്തിൽ പരന്നൊഴുകുന്ന വെള്ളച്ചാട്ടം കണ്ട് ചിത്രങ്ങൾ പകർത്താനും ഒരു സെൽഫിയെടുക്കാനും എംസി റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ തിരക്കാണ്. വെള്ളച്ചാട്ടത്തിനു മുന്നിൽ റോഡിനോടു ചേർന്നുണ്ടായിരുന്ന പുറമ്പോക്ക് ഭൂമിയിൽ താമസിച്ചിരുന്ന കുടുംബങ്ങളെ ഇവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് പുനരധിവസിപ്പിക്കുകയും ഇവിടെയുണ്ടായിരുന്ന കെട്ടിടം പൊളിച്ചു നീക്കുകയും ചെയ്തതോടെയാണു പിന്നിലെ വെള്ളച്ചാട്ടം റോഡിലൂടെ കടന്നു പോകുന്നവർക്ക് ദൃശ്യമായത്. ശക്തമായ മഴയുണ്ടാകുമ്പോൾ വെള്ളച്ചാട്ടം കൂടുതൽ മനോഹരമാകും. കടുത്ത വേനലിൽ വെള്ളച്ചാട്ടവും ശോഷിക്കും. മീങ്കുന്നം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ എത്തുന്നവരും ഏറെയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button