KeralaPolitcs

നിലമ്പൂരിലെ പ്രസംഗങ്ങളിൽ മുഖ്യമന്ത്രി ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച് പറഞ്ഞത് പച്ചക്കള്ളം: പി.മുജീബുറഹ്‌മാൻ

നിലമ്പൂർ: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിലമ്പൂരിലെ പ്രസംഗങ്ങളിൽ മുഖ്യമന്ത്രി ജമാഅത്തെ ഇസ് ലാമിയെ കുറിച്ച് പറഞ്ഞത് പച്ചക്കള്ളമാണെന്ന് ജമാഅത്ത് അമീർ പി. മുജീബുറഹ്‌മാൻ. കശ്മീരിൽ ജമാഅത്ത് ബിജെപിക്കൊന്നും നിന്നെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനും പറയുന്നതിന്റെ വ്യത്യാസം ഭാഷയിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു മുജീബുറഹ്‌മാൻ.ജമാഅത്തെ ഇസ്‌ലാമിക്ക് ഇസ്‌ലാമിക അടിത്തറയുള്ള കൃത്യമായ ഭരണഘടനയുണ്ട്. അത് ഇന്നലെ പൊട്ടിമുളച്ചുവന്ന വിവാദത്തെ അഭിമുഖീകരിക്കാൻ രൂപപ്പെടുത്തിയതല്ല. ഏഴര പതിറ്റാണ്ടിന്റെ ചരിത്രമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ഏറ്റവും വലിയ വിശ്വാസ്യത. ഏഴര പതിറ്റാണ്ടിനിടെ രാജ്യവിരുദ്ധമോ, സാമൂഹ്യ വിരുദ്ധമോ പരമത വിദ്വേഷമുണ്ടാക്കുന്നതോ ആയ പ്രവർത്തനം ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ജമാഅത്തെ ഇസ്‌ലാമിയെ ഭീകരവൽക്കരിച്ച് മറുവശത്ത് ലക്ഷ്യം നേടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും മുജീബുറഹ്‌മാൻ പറഞ്ഞു.സംഘ്പരിവാർ ഭീഷണി നിലനിൽക്കെ നിലമ്പൂർ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ജമാഅത്തെ ഇസ്‌ലാമിയാണ്. ഹിന്ദു മഹാസഭയുടെ പിൻബലത്തോടെ ജമാഅത്തെ ഇസ്‌ലാമിയെ ചർച്ചയാക്കി. മാരാർജി ഭവനിൽ നിന്നും എകെജി സെന്ററിൽ നിന്നും പുറത്തിറങ്ങുന്ന ഉള്ളടക്കം എന്തുകൊണ്ട് ഒരുപോലെയാകുന്നു എന്ന് പരിശോധിക്കണം. എം.വി ഗോവിന്ദന്റെയും രാജീവ് ചന്ദ്രശേഖരന്റെയും ഭാഷ എന്തുകൊണ്ട് ഒരേ സ്വരത്തിലാകുന്നു? നിലമ്പൂരിലെ തോൽവിയിൽ എം.വി ഗോവിന്ദൻ തിരിഞ്ഞത് ജമാഅത്തെ ഇസ്‌ലാമിക്ക് നേരെയാണ്. ഇതേ സമീപനം തന്നെയാണ് രാജീവ് ചന്ദ്രശേഖരനും സ്വീകരിച്ചത്. ഗോവിന്ദനും രാജീവ് ചന്ദ്രശേഖരനും സംസാരിക്കുന്നതിലെ വ്യത്യാസം ഭാഷയിൽ മാത്രമാണെന്നും മുജീബുറഹ്‌മാൻ പറഞ്ഞു.മുസ്‌ലിം ന്യൂനപക്ഷത്തിലെ ആരെങ്കിലും സിപിഎമ്മിനോട് വിയോജിച്ചാൽ അവരെ വർഗീയവാദികളും തീവ്രവാദികളും താലിബാനിസ്റ്റുകളുമാക്കുകയാണ്. വിപ്ലവത്തിന്റെ നൂറുപൂക്കൾ വിരിയിക്കാൻ ഇറങ്ങിയവർ ഇന്ന് വിദ്വേഷത്തിന്റെ വന്മരങ്ങളായി. പരാജയത്തിന് ശേഷം എം.സ്വരാജ് സംസാരിക്കുന്നത് സമനില തെറ്റിയപോലെയാണ്. ജമാഅത്തെ ഇസ്‌ലാമി ക്യാപ്‌സൂളിന്റെ കാലം കഴിഞ്ഞെന്ന മുന്നറിയിപ്പാണ് നിലമ്പൂർ നൽകുന്നത്. പാർട്ടി വിട്ടുപോകുന്നവരെ വെട്ടിക്കൊല്ലുന്നവരാണ് താലിബാനിസത്തെ കുറിച്ച് പറയുന്നത്. സിപിഎം സംഘ്പരിവാറിന് മണ്ണൊരുക്കുകയാണെന്നും മുജീബുറഹ്‌മാൻ ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button