NationalSpot light

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം; അമിത് ഷാക്ക്‌ കത്തയച്ച് കെ.സി വേണുഗോപാൽ

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക്‌ എഐസിസി ജന. സെക്രട്ടറി കെ.സി വേണുഗോപാൽ കത്തയച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വൻതോതിൽ വർദ്ധിച്ചു. കന്യാസ്ത്രീകൾക്ക് നേരെ ബജ്‌റംഗ്ദൾ നടത്തിയ ആക്രമണം ഭരണകക്ഷി ആക്രമണങ്ങൾക്ക് പിന്തുണ നൽകുന്നുവെന്ന് വ്യക്തമാക്കുന്നുവെന്നും കുറ്റവാളികൾക്ക് കനത്ത ശിക്ഷ നൽകണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. കെട്ടിച്ചമച്ച കേസാണിതെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും സിബിസിഐ പ്രതികരിച്ചു. ദേശ വിരുദ്ധ ശക്തികളാണ് ഇതിന് പിന്നിലെന്നും സിബിസിഐ ചൂണ്ടികാട്ടി. പെൺകുട്ടികളുടെ മാതാപിതാക്കളെ ദുർഗിലെത്തിച്ച് സത്യാവസ്ഥ ബോധ്യപ്പെടുത്താനും സഭാ നേതൃത്വം ശ്രമിക്കുന്നുണ്ട്. കന്യാസ്ത്രീകൾക്ക് വേണ്ടി നാളെ ജാമ്യാപേക്ഷ സമർപ്പിക്കും. വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരെയാണ് ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് റയിൽവേ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലെ സ്ഥാപനങ്ങളിലേക്ക് മൂന്ന് പെൺകുട്ടികളെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് എന്നാണ് വിവരം. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധമുയർത്തിയതിന് പിന്നാലെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button