ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലെത്തുമോ ?; തിരിച്ചടിയായി ഈ കരാർ വ്യവസ്ഥ

ന്യൂഡൽഹി: പോർചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് കാത്തിരിക്കുകയാണ് ഇന്ത്യ. എ.എഫ്.സി സൂപ്പർ ലീഗിൽ ക്രിസ്റ്റ്യാനോയുടെ ക്ലബായ അൽ നസ്റും എഫ്.സി ഗോവയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടതോടെയാണ് റൊണാൾഡോയുടെ വരവ് സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലെത്തില്ലെന്നാണ് ഒരു വിഭാഗം കായികവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അൽ നസ്റും ക്രിസ്റ്റ്യാനേയും തമ്മിലുള്ള ഒരു കരാറാണ് താരത്തിന്റെ വരവിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നത്. ക്രിസ്റ്റ്യാനോയും അൽ നസ്റും തമ്മിലുള്ള കരാർ പ്രകാരം ടീമിന്റെ എവേ മത്സരങ്ങളിൽ പോർച്ചുഗൽ താരം കളിക്കില്ല. അതുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലെത്തില്ലെന്നാണ് പ്രവചനങ്ങൾ. എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോയുടെ അൽ നസ്റും ഇന്ത്യൻ ക്ലബായ എഫ്.സി ഗോവയും ഇന്നത്തെ നറുക്കെടുപ്പിനൊടുവിൽ ഒരേ ഗ്രൂപ്പിൽ വന്നിരുന്നു. കഴിഞ്ഞ ദിവസം ഒമാൻ ക്ലബായ അൽ സീബിനെ 2-1ന് തോൽപ്പിച്ചാണ് എഫ്.സി ഗോവ എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഇടംപിടിച്ചത്. എഫ്.സി ഗോവക്കൊപ്പം മോഹൻ ബഗാനും ഇന്ത്യയിൽ നിന്നും എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ കളിക്കും. എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ മാറ്റുരക്കുക. സെപ്റ്റംബർ 16നാണ് ടൂർണമെന്റ് തുടങ്ങുന്നത്. ഇന്ന് മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ വെച്ചാണ് ടൂർണമെന്റിന്റെ നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പ് പൂർത്തിയാകുന്നതിന് പിന്നാലെ ടൂർണമെന്റിന്റെ പൂർണ ഫിക്ചർ പുറത്ത് വരും.
