മൂത്രം നിറച്ച ലക്ഷക്കണക്കിന് കുപ്പികള്‍, വസ്ത്രങ്ങള്‍; കാവഡ് യാത്ര പൂര്‍ത്തിയായതോടെ ഹരിദ്വാര്‍ മുങ്ങിയത് 7,000 ടണ്‍ മാലിന്യത്തില്‍
ഹരിദ്വാര്‍: കാവഡ് യാത്ര അവസാനിച്ചതോടെ മാലിന്യത്തില്‍ മുങ്ങി ഉത്തരാഖണ്ഡിലെ നഗരങ്ങള്‍. ഹരിദ്വാറിലും ഗംഗാ ഘാട്ടിലുമായി 7,000 ടണ്ണിലധികം മാലിന്യമാണ് ഭക്തര്‍ ഉപേക്ഷിച്ചു പോയത്. ശ്രവണ മാസത്തില്‍ ഗംഗാ ജലം സ്വീകരിക്കാനെത്തിയ തീര്‍ത്ഥാടകരാണ് വസ്ത്രമുള്‍പ്പെടെ ഹരിദ്വാറില്‍ ഉപേക്ഷിച്ചത്. ഏകദേശം ഒരു ലക്ഷത്തിലധികം മൂത്രം നിറച്ച കുപ്പികളാണ് ഈ മേഖലയില്‍ നിന്ന് മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തത്. പ്ലാസ്റ്റിക് കുപ്പികള്‍, വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ബാഗുകള്‍ തുടങ്ങിയവയാണ് പ്രധാനമായും ഘാട്ടുകളില്‍ കുമിഞ്ഞുകൂടിയത്. എന്നാല്‍ ഈ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കഴിയുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നൂറുകണക്കിന് തൊഴിലാളികളെയാണ് ഹരിദ്വാറിലെ മാലിന്യം നീക്കം ചെയ്യാന്‍ മാത്രമായി നിയോഗിച്ചിട്ടുള്ളത്. അതേസമയം മാസ്‌ക് അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലാതെയാണ് തൊഴിലാളികള്‍ മാലിന്യം നീക്കം ചെയ്യുന്നത്. വസ്ത്രം മാറുന്ന മുറികളില്‍ മൂത്രം നിറച്ച കുപ്പികള്‍ ഉപേക്ഷിച്ചത് സാമൂഹിക വിരുദ്ധരുടെ പ്രവൃത്തിയാണെന്ന് മുന്‍സിപ്പല്‍ കമ്മീഷണര്‍ നന്ദന്‍ കുമാര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും നന്ദന്‍ കുമാര്‍ വ്യക്തമാക്കി. അഞ്ച് കോടിയോളം തീര്‍ത്ഥാടകരാണ് 12 ദിവസത്തെ കാവഡ് യാത്രയുടെ ഭാഗമായി ഹരിദ്വാര്‍ സന്ദര്‍ശിച്ചത്. അടുത്ത വര്‍ഷം മുതല്‍ തീര്‍ത്ഥാടകര്‍ക്കിടയില്‍ ശുചിത്വ ബോധവല്‍ക്കരണം നടത്തുമെന്ന് ശ്രീ ഗംഗാ സഭ അറിയിച്ചു. മാലിന്യം കുമിഞ്ഞുകൂടിയതില്‍ സഭ ആശങ്ക അറിയിക്കുകയും ചെയ്തു.




