മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

യുവാവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ വഴിത്തിരിവ്. കൃഷ്ണ നദിയിൽ നിന്ന് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം കാണാതായ രാഘവേന്ദ്ര നായിക്കിന്റേതാണെന്ന് (39) തിരിച്ചറിഞ്ഞു. രാഘവേന്ദ്രയെ കൊലപ്പെടുത്തി നദിയിലെറിഞ്ഞ കുറ്റത്തിന് യുവതിയടക്കം മൂന്നുപേരെ പൊലീസ് പിടികൂടുകയും ചെയ്തു. കർണാടകയിലെ കാലാബുറാഗി ജില്ലയിലാണ് ദാരുണ സംഭവം. അശ്വനി എന്ന തനു(26), ഗുരുരാജ്(36), ലക്ഷ്മികാന്ത് (28) എന്നിവരെയാണ് പിടികൂടിയതെന്ന് കമ്മിഷണർ ശരണപ്പ പറഞ്ഞു.
മാർച്ചിലാണ് തിരിച്ചറിയാത്ത ഒരു മൃതദേഹം കൃഷ്ണ നദിയിൽ കണ്ടെത്തുന്നത്. റായ്ചൂരിലെ ശക്തിനഗറിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിക്കുന്നത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രാഘവേന്ദ്രയുടെ ഭാര്യ സുരേഖ കാലാബുറാഗി പൊലീസ് സ്റ്റേഷനിൽ ഭർത്താവിനെ രണ്ടുമാസമായി കാണാനില്ലെന്ന പരാതി നൽകിയിരുന്നു. ചില്ലറ ജോലികൾ ചെയ്തിരുന്ന രാഘവേന്ദ്ര ആഴ്ചയിലൊരിക്കലോ പത്തു ദിവത്തിലൊരിക്കലോ ആയിരുന്നു വീട്ടിലെത്തിയിരുന്നത്.
15 ദിവസമായിട്ടും കാണാതായതിനെ തുടർന്നാണ് ഭാര്യ പൊലീസിനെ സമീപിച്ചത്. ഇൻസ്പെക്ടർ ശകിലിന്റെ അന്വേഷണത്തിൽ അശ്വിനിയുമായി ലിവിങ് ടുഗതെറിലായിരുന്നു രാഘവേന്ദ്രയെന്ന് വ്യക്തമായി. പിന്നീട് അദ്ദേഹത്തെ ഉപേക്ഷിച്ച് അശ്വിനി ഗുരുരാജുമായി ബന്ധം സ്ഥാപിച്ചു. ഇത് നായിക്ക് കണ്ടുപിടിച്ചു. ഇതിനെ ചൊല്ലി പ്രശ്നമായി. ഉപദ്രവം തുടർന്നതോടെ വിവരം യുവതി ഗുരുരാജിനെ അറിയിച്ചു. ഇതോടെ കൊല്ലാനുള്ള പദ്ധതികൾ ഗുരുരാജും സുഹൃത്ത് ലക്ഷ്മികാന്തും ചേർന്ന് തയാറാക്കി.
മാർച്ച് 12ന് അശ്വിന് രാഘവേന്ദ്രയെ അടുത്തുള്ള സൂപ്പർ മാർക്കറ്റിലേക്ക് കാണാനായി ക്ഷണിച്ചു. ഇവിടെയെത്തിയ രാഘവേന്ദ്രയെ മൂവരും ചേർന്ന് തട്ടിക്കൊണ്ടുപോയി. കൃഷ്ണ നഗറിന് സമീപത്തുള്ള ശ്മശാനത്തിലെത്തിച്ച് രാഘവേന്ദ്രയെ മൂവരും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. സ്വകാര്യഭാഗങ്ങളിലടക്കം പരിക്കുകളുണ്ടായി, പിന്നീട് യുവാവ് മരിക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം നദിയിലെറിയുകയായിരുന്നു. രാഘവേന്ദ്രയുടെ ഫോൺരേഖകളും വാട്സ് ആപ്പ് ചാറ്റുകളും പരിശോധിച്ചാണ് പൊലീസ് അശ്വിനിയിലേക്ക് എത്തിയത്.
