ദൂരെയല്ല ലോകകപ്പ്; എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതയിൽ സാധ്യതകൾ സജീവമാക്കി ഇന്ത്യൻ വനിത ഫുട്ബാൾ ടീം

ന്യൂഡൽഹി: എ.എഫ്.സി ഏഷ്യൻ കപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയതോടെ ഇന്ത്യൻ വനിത ഫുട്ബാൾ ടീമിനെ തേടിയെത്തിയിരിക്കുന്നത് ഫിഫ വനിത ലോകകപ്പിലേക്ക് മുന്നേറാനുള്ള സുവർണാവസരം. 2027ൽ ബ്രസീലിൽ നടക്കുന്ന ലോകകപ്പിലേക്കുള്ള നറുക്ക് വീഴാൻ ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. 2026 മാർച്ച് ഒന്നു മുതൽ 26 വരെ ആസ്ട്രേലിയയിലാണ് ഏഷ്യൻ കപ്പ്. ടൂർണമെന്റിൽ സെമി ഫൈനലിലെത്തുന്ന നാല് ടീമുകൾക്ക് ലോകകപ്പിന് നേരിട്ട് ടിക്കറ്റ് ലഭിക്കും. ക്വാർട്ടർ ഫൈനലിലെത്തിയാലും സാധ്യതകളുണ്ട്.ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതയുടെ അവസാന ഘട്ടമായിരിക്കും ഏഷ്യൻ കപ്പ്. 2028ൽ ലോസ് ആഞ്ജലസിൽ നടക്കുന്ന സമ്മർ ഒളിമ്പിക്സിനുള്ള ഏഷ്യൻ യോഗ്യതയുടെ അവസാന ഘട്ടമായും ടൂർണമെന്റ് മാറും. ക്വാർട്ടറിൽ പ്രവേശിക്കുന്ന മുഴുവൻ ടീമുകളും സമ്മർ ഒളിമ്പിക്സിന് യോഗ്യത നേടും. സെമിയിലെത്തിയാൽ ലോകകപ്പ് ടിക്കറ്റ്. ക്വാർട്ടറിൽ തോൽക്കുന്നവർ പ്ലേ-ഇൻ മത്സരങ്ങളിലേക്ക് മുന്നേറും. പ്ലേ-ഇൻ മത്സരങ്ങൾ വിജയികൾക്കും ലോകകപ്പ് കളിക്കാനാകും. തോൽക്കുന്നവർക്ക് ഇന്റർ-കോൺഫെഡറേഷന്റെ പ്ലേഓഫിലേക്ക് കടക്കാം. തായ്ലൻഡിൽ നടന്ന ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീം പുറത്തെടുത്തത്. ഗ്രൂപ് ബിയിൽ നാല് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായി യോഗ്യത നേടി. ടൂർണമെന്റിൽ 24 ഗോൾ നേടിയ ഇന്ത്യ ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്. 2022ലെ എ.എഫ്.സി വനിത ഏഷ്യൻ കപ്പിലെ ആദ്യ മൂന്ന് സ്ഥാനക്കാരായ ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്കൊപ്പം ആതിഥേയ രാജ്യമായ ആസ്ട്രേലിയയും നേരിട്ട് യോഗ്യത നേടി. 12 ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുക്കുന്നത്. നിലവിൽ ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളും യോഗ്യരായി. ഇന്ത്യൻ പുരുഷ ടീമിന്റെ പ്രകടനം ദിനംപ്രതി മോശമാകുന്ന സാഹചര്യത്തിലും മറുവശത്ത് വനിതകൾ രാജ്യത്തിന് അഭിമാനമാവുകയാണ്.
