കണ്ണിലെ ചെറിയ പരിക്കും നിസ്സാരമാക്കല്ലേ! 4 മാസത്തിന് ശേഷം കണ്ണിനുള്ളിൽ കണ്ടത് മുളച്ച വിത്ത്; അമ്പരന്ന് ഡോക്ടർമാർ
കണ്ണിൽ ചെറിയൊരു പൊടി പോയാലോ നിസാരമായ പരിക്കേറ്റാലോ പലപ്പോഴും അത് കാര്യമായി എടുക്കാറില്ല. എന്നാൽ അത്തരമൊരു പരിക്ക് മാസങ്ങൾക്കുശേഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. റഷ്യയിലെ സൈബീരിയയിൽ നിന്നുള്ള 42കാരന്റെ അനുഭവം ഇതിന് ഉദാഹരണമാണ്. കണ്ണിൽ മരക്കൊമ്പ് തട്ടിയതിന് പിന്നാലെ ചെറിയൊരു മരത്തൊലി കഷണം പുറത്തെടുത്തെങ്കിലും, കണ്ണിനുള്ളിൽ അവശേഷിച്ച വിത്ത് മുളച്ച് വേരുകൾ വളരാൻ തുടങ്ങിയിരുന്നു. നാല് മാസത്തോളം കടുത്ത തലവേദനയും കണ്ണിൽ വീക്കവും കാഴ്ചപ്രശ്നങ്ങളും അനുഭവപ്പെട്ട ശേഷമാണ് അസാധാരണമായ ഈ കാര്യം കണ്ടെത്തിയത്. സൈബീരിയയിലെ അബിയിസ്കി ജില്ലയിലേക്കുള്ള യാത്രയ്ക്കിടെയാണ് മാക്സിം സ്ലെപ്സോവിന് കണ്ണിന് പരിക്കേറ്റത്. സുഹൃത്തിനെ സന്ദർശിക്കാനും മീൻപിടിക്കാനും കാട്ടുപഴങ്ങൾ ശേഖരിക്കാനുമായിരുന്നു യാത്ര. ഇതിനിടെ ഒരു മരക്കൊമ്പ് കണ്ണിൽ തട്ടുകയായിരുന്നു. വെള്ളം ഉപയോഗിച്ച് കണ്ണ് കഴുകിയപ്പോൾ ചെറിയൊരു മരത്തൊലി കഷണം പുറത്തുവന്നു. ഇതോടെ പ്രശ്നം പരിഹരിച്ചെന്നായിരുന്നു മാക്സിം കരുതിയത്. എന്നാൽ, കണ്ണിനുള്ളിൽ ഒരു ചെറിയ വിത്ത് അവശേഷിച്ച കാര്യം അദ്ദേഹം അറിഞ്ഞിരുന്നില്ല. നാല് മാസത്തോളം നീണ്ട അസ്വസ്ഥതകൾ തുടർന്നുള്ള മാസങ്ങളിൽ കടുത്ത തലവേദനയും കണ്ണിലെ വീക്കവും കാഴ്ച മങ്ങുന്നതും പതിവായി. വിദൂരപ്രദേശത്ത് താമസിച്ചിരുന്നതിനാൽ വിദഗ്ധ ചികിത്സ തേടാനും തുടക്കത്തിൽ ബുദ്ധിമുട്ടുണ്ടായി. ഒടുവിൽ യാകുത്സ്കിലെ അടിയന്തര നേത്രചികിത്സാ കേന്ദ്രത്തിലെത്തിയപ്പോഴാണ് കണ്ണിനുള്ളിൽ കുടുങ്ങിയ വിത്ത് മുളച്ചുതുടങ്ങിയതായി കണ്ടെത്തിയത്. വിത്തിന്റെ വേരുകൾ ഏകദേശം മൂന്ന് മില്ലിമീറ്ററോളം വളർന്ന് കണ്ണിന്റെ വെള്ളഭാഗത്തെ പൊതിയുന്ന നേർത്ത പാളിയായ കൺജങ്റ്റൈവയുടെ കോശങ്ങളിലേക്ക് തുളച്ചുകയറാൻ തുടങ്ങിയിരുന്നു. ചികിത്സയിലൂടെ വിത്ത് നീക്കം ചെയ്തതിനു പിന്നാലെ മാക്സിമിന് തലവേദനയിൽ ആശ്വാസം ലഭിച്ചതായാണ് റിപ്പോർട്ടുകൾ.കണ്ണിലെ ചെറിയ പരിക്കുകൾ അവഗണിക്കരുത്കണ്ണിൽ എന്തെങ്കിലും വസ്തു തട്ടുകയോ കുടുങ്ങുകയോ ചെയ്താൽ അത് സ്വയം പുറത്തെടുക്കാൻ ശ്രമിക്കുന്നത് അപകടകരമായേക്കാം. തുടർച്ചയായ വേദന, ചുവപ്പ്, വീക്കം, കാഴ്ച മങ്ങൽ, കണ്ണിൽ എന്തോ കുടുങ്ങിയതുപോലുള്ള തോന്നൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നേത്രരോഗവിദഗ്ധനെ കാണണം. പ്രത്യേകിച്ച് കാഴ്ചയിൽ മാറ്റമുണ്ടാകുകയോ വേദനയും വീക്കവും തുടരുകയോ ചെയ്താൽ ചികിത്സ വൈകിക്കരുത്. കണ്ണിനുള്ളിൽ കുടുങ്ങിയ ചെറിയൊരു വിത്ത് മുളച്ച അപൂർവ സംഭവം എന്നതിലുപരി, കണ്ണിനേറ്റ പരിക്കുകളെ നിസാരമായി കാണരുതെന്ന മുന്നറിയിപ്പുകൂടിയാണ് മാക്സിമിന്റെ അനുഭവം.





