ഫേസ് ക്രീമുകളിലെ മെർക്കുറി സാന്നിധ്യം; ഇടപെട്ട് മുഖ്യമന്ത്രി; പരിശോധിക്കാൻ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മെർക്കുറി അടങ്ങിയ ഫേസ് ക്രീമുകളുടെ വിൽപന പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശം. വിൽപന തടയാൻ പ്രത്യേക സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർ കെ.പ്രതിഭ നൽകിയ പരാതിയിലാണ് ഇടപെടൽ. മെർക്കുറി അടങ്ങിയ ഫേസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറത്ത് പതിനേഴുകാരിയുടെ വൃക്ക തകരാറിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പിലെ തന്നെ മെഡിക്കൽ ഓഫീസറായാ ഡോ. കെ.പ്രതിഭ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്ന് കെ.പ്രതിഭ പരാതിയിൽ ആവശ്യപ്പെട്ടു.സംസ്ഥാനത്ത് പല പലതരത്തിലുള്ള ഫേസ് ക്രീമുകളും ഓൺലൈൻ ആയിട്ടും കടകളിലും വിൽക്കുന്നുണ്ട്. ഇവയിൽ മെർക്കുറി അടങ്ങിയിട്ടുണ്ടോ എന്ന് കർശനമായി പരിശോധിക്കണമെന്നായിരുന്നു ഡോക്ടറുടെ ആവശ്യം. പരാതി ലഭിച്ചതിനെ തുടർന്ന് തുടർനടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി.





