റെയിൽവേ ട്രാക്കുകളിൽ എന്തിനാണ് ഇത്രയുമധികം കല്ലുകൾ?; കാരണമറിയാം
റെയിൽവേ ട്രാക്കിലെന്തിനാണ് ഇത്രയുമധികം ചെറിയ കല്ലുകൾ ഇട്ടിരിക്കുന്നതെന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും സംശയം തോന്നിയിട്ടുണ്ടോ?. നിലത്ത് വെറുതെയിട്ടിരിക്കുന്ന സാധാരണ കല്ലുകളാണെന്ന് തോന്നിപ്പിക്കുമെങ്കിലും ഈ ചെറിയ കല്ലുകൾ റെയിൽവേ എൻജിനീയറിങിൽ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമോ?. എന്നാൽ നിങ്ങൾ ചിന്തിക്കുന്നതിനും അപ്പുറമാണ് ഇതുകൊണ്ടുള്ള ഉപയോഗം.റെയിൽവേ ട്രാക്കുകളിൽ പാകിയിട്ടിരിക്കുന്ന കല്ലുകളെ ‘റെയിൽവേ ബാലസ്റ്റ്’ എന്നാണ് വിളിക്കുന്നത്. ഇവയില്ലെങ്കിൽ ട്രെയിനുകൾക്ക് സുരക്ഷിതമായി സർവീസ് നടത്താൻ സാധിക്കില്ലെന്നതാണ് യാഥാർഥ്യം. അതായത്, റെയിൽവേ ട്രാക്കിലൂടെ പോകുന്ന ഓരോ ട്രെയിനും ട്രാക്കിന് മേൽ വലിയ മർദ്ദമാണ് ചെലുത്തുന്നത്. ഈ ഭാരം കാരണം ട്രാക്കുകൾ സ്ഥാനം തെറ്റാൻ സാധ്യത കൂടുതലാണ്. ഇത് തടയുന്നത് ഈ കല്ലുകളാണ്. അതിനാൽ സുരക്ഷിത യാത്രയ്ക്ക് ഈ കല്ലുകൾ വലിയ പങ്കാണ് പഹിക്കുന്നത്.കൂടാതെ പാളത്തിന്റെ തേയ്മാനം കുറയ്ക്കാനും റെയിൽവേ ട്രാക്കിന് ഒന്നും സംഭവിക്കാതിരിക്കാനും കല്ലുകൾ നിർണായക പങ്കാണ് വഹിക്കുന്നത്. റെയിൽവേ ട്രാക്കുകൾ എപ്പോഴും ഉണങ്ങിയിരിക്കണം. മഴ പെയ്യുമ്പോൾ ട്രാക്കിലെത്തുന്ന വെള്ളം കെട്ടിക്കിടക്കാതെ ഒഴുകിപോകാൻ ട്രെയിനേജ് പോലെ ഈ കല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതുവഴി ട്രാക്കുകളെ കല്ലുകൾ സംരക്ഷിക്കുകയാണ്.മറ്റൊരു പ്രധാന ഉപയോഗം ഇവ ട്രാക്കിൽ ചെടികൾ വളരുന്നത് തടയുന്നു എന്നതാണ്. കല്ലുകൾ നിറയെയുള്ളതിനാൽ ചെടികൾക്ക് വളരാൻ സാധിക്കാതെ വരികയും അതുവഴി ഇടയ്ക്കിടെയുള്ള ട്രാക്ക് നവീകരണമെല്ലാം ഒഴിവാക്കാനും സാധിക്കും. ട്രാക്കുകളിൽ കാണുന്ന കല്ലുകൾ മിനുസമുള്ളതല്ലെന്നും കടുപ്പമേറിയവയാണെന്നും നിങ്ങൾ ശ്രദ്ധിച്ചുകാണും. അതിനുമൊരു കാരണമുണ്ട്. ഇവ ഉരുണ്ട് പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇത്തരത്തിൽ നമ്മൾ ചിന്തിക്കുന്നതിലുമപ്പുറമാണ് ഈ കല്ലുകളുടെ ഉപയോഗം.





