സൈബർ ആക്രമണമെന്ന് പരാതി; 1.3 ദശലക്ഷം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർ വീട്ടിൽ മരിച്ചനിലയിൽ

ചെന്നൈ: 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഫിനാൻസ് ഇൻഫ്ലുവൻസർ വി. ഹരീഷിനെ (27) ചെന്നൈയിലെ വാടക വില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓൺലൈൻ അധിക്ഷേപവും സൈബർ ആക്രമണവും മകനെ കടുത്ത മാനസിക സമ്മർദത്തിലാക്കിയെന്നാണ് പിതാവ് ജെ.വിനയാഗത്തിന്റെ ആരോപണം. വെഞ്ച്വർ സ്റ്റുഡിയോയായ സെമുറിയ ഇൻകോർപറേറ്റിന്റെ സിഇഒ ജേസൺ സാമുവലിനെതിരെയാണ് ആരോപണം. എന്നാൽ, സൈബർ ആക്രമണം നടത്തിയെന്ന ആരോപണം സാമുവൽ നിഷേധിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.’ഫിനാൻസ് വിത്ത് ഹരീഷ്’ എന്ന പേരിൽ ഇൻസ്റ്റഗ്രാമിലും യുട്യൂബിലും സാമ്പത്തിക കാര്യങ്ങളും നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങളും പങ്കുവെച്ചിരുന്നയാളാണ് ഹരീഷ്. അഞ്ച് വർഷത്തോളമായി ഈ രംഗത്ത് സജീവമായിരുന്നു. ഹരീഷിന്റെ സാമ്പത്തിക ഉപദേശങ്ങളുടെ ആധികാരികതയും ആവശ്യമായ രജിസ്ട്രേഷനുകളും ചോദ്യം ചെയ്ത് ജേസൺ സാമുവൽ സമൂഹമാധ്യമങ്ങളിൽ വിഡിയോകൾ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ ഹരീഷിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ പ്രവർത്തനരഹിതമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് പുതിയ അക്കൗണ്ടിലൂടെ വിഡിയോകൾ പങ്കുവെക്കാൻ തുടങ്ങിയെങ്കിലും ഇതും പ്രതിസന്ധിയിലായതായി റിപ്പോർട്ടുകളിലുണ്ട്. അക്കൗണ്ട് നഷ്ടപ്പെട്ടതും തുടർന്നുണ്ടായ ഓൺലൈൻ ആക്രമണങ്ങളും മകനെ കടുത്ത മാനസിക സംഘർഷത്തിലാക്കിയെന്നാണ് പിതാവിന്റെ ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഹരീഷ് ആവശ്യമായ സാമ്പത്തിക ഉപദേശക രജിസ്ട്രേഷൻ ഇല്ലാതെ നിക്ഷേപ ഉപദേശങ്ങൾ നൽകിയെന്നായിരുന്നു സാമുവലിന്റെ ആരോപണം. സെബി രജിസ്റ്റർ ചെയ്ത ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസർ അല്ലാതിരുന്നിട്ടും ലൈസൻസ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.എന്നാൽ, ഹരീഷിനെ സൈബർ ബുള്ളിയിങ്ങിന് ഇരയാക്കിയെന്ന ആരോപണം സാമുവൽ നിഷേധിച്ചു. സാമ്പത്തിക ഉപദേശം നൽകുന്നതിനുള്ള യോഗ്യതയും അംഗീകാരവും സംബന്ധിച്ച കാര്യങ്ങൾ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഹരീഷിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ സാമുവൽ, ഇത്തരമൊരു സംഭവമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button