200 ജിബി ഡാറ്റ, സൗജന്യ കോള്‍; ട്രായ് മൂന്ന് മാസത്തെ സൗജന്യ റീച്ചാര്‍ജ് നല്‍കുന്നോ? സന്ദേശത്തിന്‍റെ സത്യം
ദില്ലി: സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് ശേഷം മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യുക ആളുകള്‍ക്ക് വലിയ തലവേദനയായിരിക്കുകയാണ്. നേരത്തേക്കാള്‍ 25 ശതമാനം വരെ അധിക തുക റീച്ചാര്‍ജുകള്‍ക്ക് നല്‍കേണ്ടിവരുന്നതാണ് ഉപഭോക്താക്കളുടെ പ്രയാസം. ഇക്കാലത്ത് ഇന്‍റര്‍നെറ്റ് അനിവാര്യമാണെന്നതിനാല്‍ ഡാറ്റയ്ക്കായി ഫോണ്‍ റീച്ചാര്‍ജ് ചെയ്യാതിരിക്കാനുമാവില്ല. ഇതേസമയം വൈറലായിരിക്കുന്ന ഒരു റീച്ചാര്‍ജ് സന്ദേശത്തിന്‍റെ വസ്തുത പരിശോധിക്കാം. പ്രചാരണം ‘സ്വകാര്യ കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അഥവാ ട്രായ് മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് എല്ലാ പൗരന്‍മാര്‍ക്കും നല്‍കുന്നു’- എന്നാണ് വൈറല്‍ സന്ദേശത്തിലുള്ളത്. ഒരു ലിങ്ക് സഹിതമാണ് സന്ദേശം സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നത്. മൂന്ന് മാസത്തേക്കാണ് സൗജന്യ റീച്ചാര്‍ജ്, 200 ജിബി സൂപ്പര്‍ ഫാസ്റ്റ് 4ജി/5ജി ഡാറ്റയും അണ്‍ലിമിറ്റഡ് വോയിസ് കോളും ഇതിനൊപ്പം ലഭിക്കും- എന്നുമാണ് മെസേജില്‍ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍. വസ്‌തുത കാണുമ്പോള്‍ തന്നെ അവിശ്വസനീയമായി തോന്നുന്ന ഈ സന്ദേശം വ്യാജമാണ് എന്നതാണ് യാഥാര്‍ഥ്യം. 200 ജിബി 4ജി/5ജി ഡാറ്റയും പരിധിയില്ലാത്ത ഫ്രീ കോളും സഹിതം മൂന്ന് മാസത്തേക്ക് സൗജന്യ റീച്ചാര്‍ജ് ട്രായ് ആര്‍ക്കും നല്‍കുന്നില്ല. ട്രായ് സൗജന്യ റീച്ചാര്‍ജ് നല്‍കുന്നതായുള്ള പ്രചാരണം വ്യാജമാണ് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. മൊബൈല്‍ ഫോണ്‍ നമ്പര്‍ അടക്കം ആവശ്യപ്പെടുന്ന സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് ആരും വഞ്ചിതരാവരുത്. സൗജന്യ മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് നല്‍കുന്നതായുള്ള സന്ദേശങ്ങള്‍ മുമ്പും ഇന്ത്യയില്‍ വൈറലായിട്ടുണ്ട്.