പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വലിയ ആശ്വാസം പകരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന മുൻ ഇന്ത്യൻ നായകനും സൂപ്പർ ബാറ്ററുമായ വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. പരിക്കിന്റെ പിടിയിലായിരുന്ന വിരാട് കോഹ്ലി ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുൻപായി പൂർണ്ണ കായികക്ഷമത വീണ്ടെടുക്കുമെന്നാണ് ടീം മാനേജ്മെന്റുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ജൂലൈയിൽ ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ കോലിയുടെ സാന്നിധ്യം ഇന്ത്യൻ നിരയ്ക്ക് വലിയ കരുത്താകും.
പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരം വിശ്രമത്തിലായിരുന്നു. എന്നാൽ ഇപ്പോൾ പരിക്കിൽ നിന്നും കോഹ്ലി അതിവേഗം മുക്തി നേടിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി അദ്ദേഹം തന്റെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ റീഹാബിലിറ്റേഷൻ അഥവാ പ്രത്യേക കായികക്ഷമതാ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. താരം ഉടൻ തന്നെ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ.
ജൂൺ അവസാന വാരം ആരംഭിക്കുന്ന അയർലൻഡ് പര്യടനത്തിന് ശേഷമാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. ജൂലൈ 1 മുതൽ ആരംഭിക്കുന്ന പരമ്പരയിൽ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. ഇതിൽ ടി20 പരമ്പരയിൽ കോലിക്ക് വിശ്രമം അനുവദിച്ചേക്കുമെങ്കിലും, അതിനുശേഷം നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ താരം കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് ഉറപ്പായിരിക്കുന്നത്.





