സ്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ വ്യാജമദ്യം; അന്വേഷണം ചെന്നെത്തിയത് പിതാവിന്റെ വാറ്റ് ചാരായ നിർമ്മാണത്തിലേക്ക്
കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥികളുടെ കൈവശം വ്യാജമദ്യം കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്കൂളിൽ അധ്യാപകർ നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥികളുടെ കൈവശം വ്യാജ മദ്യം കണ്ടെത്തിയത്.വിദ്യാർത്ഥികളിൽ ഒരാൾ, സഹപാഠിയാണ് മദ്യം എത്തിച്ചുനൽകിയതെന്ന് പൊലീസിനോട് മൊഴി നൽകി. ഇതേ വിദ്യാർത്ഥി മുഖേന സമാന രീതിയിൽ നിരവധി കുട്ടികൾക്കും വ്യാജമദ്യം എത്തിച്ചിരുന്നുവെന്ന വിവരവും അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ട്.മദ്യം നിർമ്മിക്കുന്നത് അച്ഛനാണെന്ന് വിദ്യാർത്ഥി പൊലീസിനോട് വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥിയുടെ വീടിന് സമീപത്തുനിന്ന് 28 ലിറ്റർ വാറ്റ് ചാരായം പൊലീസ് പിടിച്ചെടുത്തു. സംഭവത്തിന് പിന്നാലെ കുട്ടിയുടെ പിതാവ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.സ്കൂളിൽ ചില വിദ്യാർത്ഥികൾ മദ്യം ഉപയോഗിക്കുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അധ്യാപകർ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചത്. കുട്ടികളിലേക്ക് അനധികൃത മദ്യം എത്തിച്ച ശൃംഖലയെക്കുറിച്ചും ഇതിന് പിന്നിൽ മറ്റ് ആളുകൾക്ക് പങ്കുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.





