നഗ്‌നനായി മോഷണം; തട്ടുകട കുത്തിത്തുറന്ന് 12 കോഴിമുട്ടകള്‍ എടുത്ത് ഓംലെറ്റ്, കള്ളനെ പിടികൂടി
ആലപ്പുഴ: ചെങ്ങന്നൂരില്‍ നഗ്‌നനായി മോഷണ പരമ്പര നടത്തിയ കള്ളന്‍ പിടിയില്‍. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി ബിജു സെബാസ്റ്റ്യന്‍ ആണ് പിടിയിലായത്. വര്‍ക്കലയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. മോഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴിയിലുള്ള തട്ടുകട കുത്തിത്തുറന്ന് ഓംലെറ്റ് ഉണ്ടാക്കി കഴിച്ച ശേഷമാണ് പ്രതി സ്ഥലം വിട്ടത്. ചെറിയനാട്ടിലെ അഞ്ച് വീടുകളിലും ഒരു ചായക്കടയിലുമാണ് ഇയാള്‍ മോഷണം നടത്തിയത്. ഈ വീടുകളില്‍ നിന്നായി രണ്ട് ബൈക്കുകളും സ്വര്‍ണവും പണവുമാണ് പ്രതി അപഹരിച്ചത്. മടങ്ങും വഴി മഴ നനയാതിരിക്കാന്‍ ഒരു വീട്ടില്‍ നിന്ന് കുടയും മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നഗ്‌നനായി മുഖംമറച്ചെത്തിയ കള്ളനെ കണ്ടത്. ചെറിയനാട്ടില്‍ നിന്ന് മാമ്പടയില്‍ എത്തിയപ്പോഴാണ് തട്ടുകട കുത്തിത്തുറന്ന് പ്രതി 12 കോഴിമുട്ടകള്‍ എടുത്ത് ഓംലെറ്റ് ഉണ്ടാക്കി കഴിച്ചത്. ഈ കടയില്‍ നിന്ന് 3000 രൂപയും ഇയാള്‍ മോഷ്ടിച്ചു. ശേഷം, മോഷ്ട്ടിച്ച ഒരു ബൈക്ക് ചങ്ങനാശ്ശേരിയില്‍ ഉപേക്ഷിച്ചു. അവിടെനിന്ന് മറ്റൊരു ബൈക്കെടുത്ത് സ്ഥലം വിടുകയും ചെയ്തു. ഈ ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സംഭവം നടന്ന് 14 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടാനായത്.





