പിഎം ശ്രീയില്‍ കൊണ്ടുപോയി കുടുക്കിയത് എല്‍ഡിഎഫ്, യുഡിഎഫിൻ്റെ പെരടിക്ക് വെക്കാനാകില്ല -പി.കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ കൊണ്ടുപോയി കുടുക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. അത് യുഡിഎഫ് സര്‍ക്കാരിന്റെ പെരടിക്ക് വെച്ച് പോകാനാകില്ല. പിഎം ശ്രീ ബഹുദൂരം കിലോമീറ്ററുകള്‍ താണ്ടിയാണ് ഞങ്ങളുടെ മുമ്പില്‍ എത്തിയത്. ഒരു മാസം മാത്രമായ ഒരു സര്‍ക്കാരിന്റെ തലയില്‍ എല്ലാം കൂടി വെച്ചിട്ട് പോകാനൊന്നും ആര്‍ക്കും കഴിയില്ല -അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ അടിയന്തര പ്രമേയം വന്നപ്പോള്‍ പ്രതിപക്ഷ നേതാവ് പറഞ്ഞില്ലേ, ഫണ്ട് കിട്ടില്ല എന്നുള്ള ഘട്ടത്തിലാണ് ഞങ്ങള്‍ പണം വാങ്ങിയത് എന്ന്. ഫണ്ട് കിട്ടില്ല എന്ന ഘട്ടത്തില്‍ എത്തിയപ്പോള്‍ അതുവരെ അവര്‍ പറഞ്ഞതൊക്കെ ഒറ്റ പറച്ചിലില്‍ അവസാനിച്ചില്ലേ. ഫണ്ട് വാങ്ങി ഉപയോഗിച്ച് എല്ലാം കഴിഞ്ഞ സ്ഥിതിയാണ് ഇപ്പോ ഉള്ളത്. ഇനി എന്ത് ചെയ്യാന്‍ കഴിയും എന്നുള്ളത് നോക്കാനാണ് ഞങ്ങള്‍ കമ്മിറ്റിയെ വെച്ചത്. അതൊക്കെ വളരെ വ്യക്തമാണ്. ഓരോ വിഷയങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു വിവാദമാക്കുക മാത്രമാണ് ഇപ്പോള്‍. എല്ലാം അവര്‍ ചെയ്തുവെച്ചതാണ്. ഇനി അതില്‍നിന്ന് തല ഊരണമെങ്കില്‍ തന്നെ പരിക്കില്ലാതെ തല ഊരാന്‍ തന്നെ പറ്റുമോ, പറ്റുമെങ്കില്‍ എങ്ങനെ ചെയ്യണം എന്ന് നോക്കാനാണ് ഒരു കമ്മിറ്റിയെ വെച്ചത് -കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിമണല്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം തന്നെ ഇല്ല. കരിമണല്‍ സ്വകാര്യവല്‍ക്കരിക്കാനേ സാധിക്കില്ല. ഞങ്ങള്‍ അനുവദിക്കുകയില്ല. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ആ പ്രോജക്ടുകളൊക്കെ ഒരു തുടര്‍ച്ചയാണ്. ഇതില്‍ സ്വകാര്യവത്കരണത്തിന്റെയോ അല്ലെങ്കില്‍ പുതിയ ഖനനത്തിന്റെയോ വല്ല പഴുതും ഉണ്ട് എങ്കില്‍ അത് നടപ്പിലാക്കില്ല. പുതിയ ഖനനവും പാടില്ല, സ്വകാര്യവത്കരണവും പാടില്ല. ഈ രണ്ടു കാര്യം ഞങ്ങള്‍ അനുവദിക്കില്ല -കുഞ്ഞാലിക്കുട്ടി പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തില്‍ യുഡിഎഫിന്റെ നയം തന്നെയാണ് ലീഗിന്റെയും നയം. ഞങ്ങളൊക്കെ ഒന്ന് തന്നെയാണ്. കഴിഞ്ഞ സര്‍ക്കാരിനെ ഞങ്ങള്‍ വിമര്‍ശിച്ച കാര്യങ്ങളൊന്നും പുതിയ സര്‍ക്കാര്‍ നടപ്പിലാക്കില്ല. മദ്യം സംബന്ധിച്ച് നയം വളരെ വ്യക്തതയുള്ളതാണ് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.





