മലപ്പുറത്ത് ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
മലപ്പുറം: മലപ്പുറത്ത് ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു. മലപ്പുറം പുളിക്കൽ സ്വദേശി മുഹമ്മദ് മാസിനാണ് മരിച്ചത്. കഴിഞ്ഞ മെയ് 31ന് വീടിന്റെ ടെറസിൽ കയറി തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി ഗേറ്റിന്റെ കമ്പിയിലേക്ക് വീഴുകയായിരുന്നു. ഗേറ്റിന്റെ ഭാഗത്തോടുകൂടിയായിരുന്നു മുഹമ്മദ് മാസിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ചികിത്സക്കായി എത്തിച്ചത്. തുടർന്ന് അഗ്നിരക്ഷാ സേന എത്തിയാണ് ഗേറ്റിന്റെ കമ്പികൾ മുറിച്ചു മാറ്റിയത്. 16 കാരന്റെ കഴുത്തിലാണ് ഗേറ്റിന്റെ കമ്പി തുളച്ചു കയറിയത്. ഇന്ന് ഉച്ചയോടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.





