വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിനക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെത്തുടർന്ന് നീണ്ട നിയമപോരാട്ടം നടത്തിയ ഹർഷിനയ്ക്ക് ഒടുവിൽ ആശ്വാസം. ഹർഷിനയുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച്, കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ ജോലി നൽകാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ആരോഗ്യ വകുപ്പിൽ നിന്ന് ലഭിച്ച അറിയിപ്പ് പ്രകാരം, ഓഫീസ് അസിസ്റ്റന്റ് തസ്തികയിലായിരിക്കും ഹർഷിനയ്ക്ക് നിയമനം നൽകുക. നാളെ തന്നെ ജോലിയിൽ പ്രവേശിക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചതായി ഹർഷിന വ്യക്തമാക്കി. മുഖ്യമന്ത്രി വി.ഡി സതീശനെയും ആരോഗ്യമന്ത്രി കെ.മുരളീധരനെയും നേരിൽ കണ്ടു നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിർണായകമായ ഈ തീരുമാനം ഉണ്ടായത്. ജോലി നിയമന ഉത്തരവ് ഉടൻ ലഭിക്കുമെന്നും, നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അർഹമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു.താൻ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണയും പ്രതികരിച്ചു. മുഖ്യമന്ത്രിയെ കണ്ട സംഘത്തിൽ സമരസമിതി നേതാക്കൾക്കൊപ്പം ടി. സിദ്ദിഖ് എംഎൽഎയും പങ്കെടുത്തു. നേരത്തെ പ്രഖ്യാപിച്ച ധനസഹായം തുടർചികിത്സാ ചെലവുകൾക്ക് അപര്യാപ്തമായതിനാൽ ഹർഷിന അത് സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ നഷ്ടപരിഹാര കാര്യത്തിൽ സർക്കാർ കൂടുതൽ അനുകൂലമായ നടപടി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button