കൈ വിടല്ലേ ഭായ്’, മൊബൈൽ കള്ളൻ ഓടുന്ന ട്രെയിനിന്റെ ജനലിൽ തൂങ്ങിയത് ഒമ്പത് കിലോമീറ്റർ, ഒടുവിൽ കൈയോടെ പിടികൂടി യാത്രക്കാർ; ദൃശ്യങ്ങൾ പുറത്ത്
‘
ബീഹാർ: ട്രെയിനിൽ നിന്നും യാത്രക്കാരന്റെ ഫോൺ ജനലിലൂടെ തട്ടിയെടുത്ത യുവാവിനെ കൈയ്യോടെ പിടികൂടി യാത്രക്കാർ. ജനലിൽ തൂങ്ങിനിന്ന യുവാവിനെ കൈവിടാതെ പിടിച്ച് യാത്രക്കാർ യാത്ര ചെയ്തത് ഒമ്പത് കിലോമീറ്ററോളം ദൂരം. ‘ഞാൻ കള്ളനല്ല, കൈ വിടല്ലേ ഭായ്’ എന്നു പറഞ്ഞുകൊണ്ടുള്ള യുവാവിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബിഹാറിലെ ഖഗറിയ ജില്ലയിലാണ് സിനിമയെപ്പോലും വെല്ലുന്ന ഈ സംഭവം.മാൻസി റെയിൽവേ സ്റ്റേഷനിൽ നിന്ന് ജൻഹിത് എക്സ്പ്രസ് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. യുവാവ് ജനലിലൂടെ യാത്രക്കാരന്റെ ഫോൺ മോഷ്ടിക്കാൻ കൈയിട്ടതും തൊട്ടുപിന്നാലെ ഇയാളുടെ കൈകൾ യാത്രക്കാർ പിടിക്കുകയായിരുന്നു. ട്രെയിൻ പുറപ്പെട്ടതോടെ പുറത്ത് ജനലിൽ തൂങ്ങിക്കിടന്ന് അടുത്ത സ്റ്റേഷനായ ഖഗറിയ എത്തുന്നതുവരെ ട്രെയിൻ മുന്നോട്ട് പോയി. ഏകദേശം ഒമ്പത് കിലോമീറ്ററോളമാണ് ഇയാൾ ഇങ്ങനെ യാത്ര ചെയ്തത്. കൈവിട്ടാൽ അപകടപ്പെടുമെന്നതിനാൽ ശക്തമായി യാത്രക്കാർ കൈ പിടിച്ചു വെക്കുകയായിരുന്നു.വൈറലായ വീഡിയോയിൽ ‘ഞാൻ കള്ളനല്ല, കൈ വിടല്ലേ ഭായ്’ എന്ന് ഭയന്ന് വിളിച്ച് കരയുന്ന യുവാവിനെ കാണാം. ട്രെയിൻ ഖഗറിയ സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ യാത്രക്കാർ ഇയാളെ റെയിൽവേ പൊലീസിന് കൈമാറി. അന്വേഷണത്തിൽ ഇയാൾ കുപ്രസിദ്ധ മോഷ്ടാവാണെന്നാണ് കണ്ടെത്തൽ. ഇയാൾക്കെതിരെ മുമ്പും നിരവധി കവർച്ചാ കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് പൊലീസിന്റെ കണ്ടെത്തൽ.





