പോരാട്ട ഭൂമിയായി വീണ്ടും ജന്തർ മന്തർ; മോദി ഭരണത്തിന് അന്ത്യം കുറിക്കുമോ ജൻസികൾ
ന്യൂഡൽഹി: തെരഞ്ഞൈടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം കനത്തതോടെ മോദി സർക്കാർ പ്രതിരോധത്തിൽ. 2011-ൽ യുപിഎ സർക്കാരിന്റെ പതനത്തിലേക്ക് നയിച്ച വൻ ജനകീയ പ്രക്ഷോഭങ്ങൾക്ക് സമാനമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് ഇന്ത്യ ഇപ്പോൾ കടന്നുപോകുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 2011-ൽ ജന്തർ മന്തറിലും രാംലീല മൈതാനത്തും ഉയർന്ന അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളാണ് മൂന്ന് വർഷങ്ങൾക്ക് ശേഷം രണ്ടാം യുപിഎ സർക്കാരിനെ താഴെയിറക്കാൻ വഴിയൊരുക്കിയത്. 15 വർഷങ്ങൾക്ക് ശേഷം, ദേശീയ തലസ്ഥാനം വീണ്ടും ശക്തമായ പ്രതിഷേധങ്ങളാൽ കത്തുകയാണ്. ജൂണിൽ ജന്തർ മന്തർ കേന്ദ്രീകരിച്ച് യുവാക്കൾ നടത്തിയ പ്രക്ഷോഭങ്ങൾക്ക് ശേഷം, ഇപ്പോൾ കൂടുതൽ ശക്തമായ രണ്ടാംഘട്ട പ്രതിഷേധ തരംഗമാണ് ഡൽഹിയിൽ ദൃശ്യമാകുന്നത്. പ്രതിപക്ഷ നേതാക്കളെപ്പോലും പ്രതിഷേധ കേന്ദ്രത്തിലേക്ക് കടത്തിവിടാതെ പൊലീസ് തടയുന്ന സാഹചര്യമാണുള്ളത്.2011-ലെ പ്രക്ഷോഭങ്ങൾ പ്രധാനമായും അഴിമതി ആരോപിച്ചായിരുന്നെങ്കിൽ, 2026-ൽ ജനരോഷം ഉയരുന്നത് കൃത്രിമങ്ങൾക്ക് എതിരെയാണ്. ചോദ്യപേപ്പർ ചോർച്ചയും തെരഞ്ഞെടുപ്പ് സംവിധാനത്തിലെ ക്രമക്കേടുകളുമാണ് നിലവിലെ പ്രക്ഷോഭങ്ങളുടെ പ്രധാന കേന്ദ്രം. രണ്ട് മാസങ്ങൾക്ക് മുമ്പ് ജന്തർ മന്തറിൽ നടന്ന വിദ്യാർഥി-യുവജന പ്രക്ഷോഭങ്ങളുടെ ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് രാജി നൽകേണ്ടി വന്നിരുന്നു. വോട്ടർ പട്ടിക പരിഷ്‌കരണത്തിലെ അപാകതകളെ തുടർന്ന് വൻതോതിൽ വോട്ടർമാർക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടാണ് നിലവിൽ തെരുവിൽ പ്രക്ഷോഭം ശക്തമാകുന്നത്. അഭിജീത് ദിപ്‌കെ, നേഹ ബോറ തുടങ്ങിയ യുവ നേതാക്കളാണ് ഈ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നത്.പൊലീസ് മർദനങ്ങളെയും അറസ്റ്റുകളെയും തൃണവൽക്കരിച്ച് വൻതോതിൽ ജനങ്ങൾ തെരുവിലിറങ്ങുന്നത് ഭരണകൂടത്തിനെതിരായ കടുത്ത ജനവികാരം ശക്തിപ്പെടുന്നതിന്റെ വ്യക്തമായ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും വരുതിയിലാക്കിയും ഭിന്നിപ്പിന്റെ രാഷ്ട്രീയം പയറ്റിയും മൂന്നാം തവണയും അധികാരം നിലനിർത്താൻ നരേന്ദ്ര മോദിക്ക് കഴിഞ്ഞിരുന്നെങ്കിലും, ഇപ്പോൾ ഭരണവിരുദ്ധ വികാരം സർക്കാരിനെ വേട്ടയാടുകയാണ്.പരീക്ഷാ ക്രമക്കേടുകൾ, സാമ്പത്തിക മുരടിപ്പ്, എഥനോൾ മിശ്രണം, യുപിഐ ഇടപാടുകൾക്കുള്ള ചാർജുകൾ, എസ്‌ഐആർ തുടങ്ങിയ വിഷയങ്ങൾക്ക് പുറമെ ഗ്രാമീണ മേഖലയിലെ വരൾച്ചയും ഭക്ഷ്യവിലക്കയറ്റവും ജനരോഷം ആളിക്കത്തിക്കുകയാണ്. ജൂലൈയിൽ ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ യുവാക്കളിലേക്ക് റീച്ച് വർധിപ്പിച്ച് പ്രതിച്ഛായ തിരിച്ചുപിടിക്കാൻ പ്രധാനമന്ത്രി ശ്രമിച്ചിരുന്നു. എന്നാൽ ഇതിനെയെല്ലാം അപ്രസക്തമാക്കിയാണ് ഡൽഹിയിൽ യുവജനങ്ങൾ തെരുവിലിറങ്ങിയത്.കഴിഞ്ഞ ഒരു പതിറ്റാണ്ടായി രാജ്യത്തെ മാധ്യമങ്ങളും അന്വേഷണ ഏജൻസികളും ഉൾപ്പെടെയുള്ള പ്രധാന സംവിധാനങ്ങൾ ഭരണകക്ഷിയുടെ താത്പര്യങ്ങൾക്കനുസൃതമായി മാറ്റിയെടുക്കപ്പെട്ടതായി പ്രതിപക്ഷം ഏറെ നാളായി ആരോപിക്കുന്നുണ്ട്. 2011-ൽ പ്രതിഷേധക്കാർക്കെതിരായ പൊലീസ് ലാത്തിച്ചാർജിൽ സുപ്രിംകോടതി സ്വമേധയാ ഇടപെട്ടിരുന്നുവെങ്കിൽ, 2026-ൽ ജന്തർ മന്തറിന് സമീപം പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചതിനെതിരായ ഹരജിയിൽ പോലും കാര്യമായ ഇടപെടലുകളുണ്ടായില്ല.ഡൽഹിയിലെ ഉദ്യോഗസ്ഥർക്ക് സംസ്ഥാനങ്ങളിലെ വോട്ടർപട്ടികയിൽ ഇടപെടാൻ അമിതാധികാരം നൽകുന്ന അതാര്യവും കേന്ദ്രീകൃതവുമായ സോഫ്റ്റ്വെയറിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ ഏകപക്ഷീയമായ വോട്ടർപട്ടിക പരിഷ്‌കരണവും, അതിനെ തടയാൻ പരമോന്നത കോടതിക്ക് കഴിയാതെ പോയതുമാണ് ജനങ്ങളെ ഇത്തവണ തെരുവിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചത്. സ്വതന്ത്ര സ്ഥാപനങ്ങൾ ദുർബലപ്പെടുമ്പോൾ ജനങ്ങൾ നേരിട്ട് തെരുവിൽ ചോദ്യം ചെയ്യാനിറങ്ങുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. 2011-ലെ പ്രക്ഷോഭങ്ങൾ യുപിഎ സർക്കാരിന്റെ പതനത്തിന് തുടക്കമിട്ടതുപോലെ ഈ തെരുവ് രോഷം 2029-ലേക്ക് രാഷ്ട്രീയ മാറ്റത്തിന്റെ അടിത്തറയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.





