ഗവി പ്രിയദർശിനി ബസിൽ ഇനി 55 യാത്രക്കാർ മാത്രം’; തീരുമാനം യാത്രക്കിടെ കാടിനുള്ളിൽ ബ്രേക്ക് ഡൗണായതിനെ തുടർന്ന്
‘
ഗവി: പത്തനംതിട്ടയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഗവിയിലേക്കുള്ള പ്രിയദർശിനി ബസിലെ യാത്രക്കാരുടെ എണ്ണം 55 ആയി കുറച്ചു. അനുവദനീയമായതിലും കൂടുതൽ ആൾക്കാരെ കയറ്റി ഗവിയിലേക്ക് യാത്ര തിരിച്ച ബസ് കാടിനുനടുവിൽ ബ്രേക് ഡൗണായതിനെ തുടർന്നാണ് നടപടി. 35 പേർക്ക് യാത്ര ചെയ്യാവുന്ന ബസിൽ 70 പേരാണ് ഉണ്ടായിരുന്നത്. മൊബൈൽ നെറ്റ് വർക്ക് പോലുമില്ലാത്ത അപകടം നിറഞ്ഞ സ്ഥലങ്ങളിലൂടെ അമിതഭാരം വഹിച്ച് കെ.എസ്.ആർ.ടി.സി സർവിസ് നടത്തുന്നതിനെതിരെ യാത്രക്കാർ പരാതി ഉയർത്തിയിരുന്നു. വനിതകൾക്ക് യാത്ര സൗജന്യമായതോടെ നൂറുകണക്കിന് ആളുകളാണ് ഒരു ബസിൽ കയറുന്നത്. ഇതിൽ ബസ് ജീവനക്കാരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ദിനം പ്രതി രണ്ട് ട്രിപ്പുകളാണ് ഗവിയിലേക്ക് ഉണ്ടായിരുന്നത്. ബസിലെ തിരക്ക് നിയന്ത്രണാതീതമായതോടെ കൂടുതൽ സർവിസുകൾ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.





