ഫോണ്‍ സ്പീക്കറിലിട്ടാല്‍ പണികിട്ടും;പിഴ കൂട്ടി, നിയന്ത്രണങ്ങളുമായിചെന്നൈ മെട്രോ

ചെന്നൈ: ചെന്നൈ മെട്രോ ട്രെയിനുകളിലും സ്റ്റേഷൻ പരിസരങ്ങളിലും ഇനിമുതൽ ഇയർഫോൺ/ഹെഡ്‌ഫോൺ ഉപയോഗിക്കാതെ പാട്ടുകളോ വീഡിയോകളോ പ്ലേ ചെയ്താൽ കനത്ത പിഴയൊടുക്കേണ്ടി വരും. യാത്രക്കാരുടെ സൗകര്യം മുൻനിർത്തിയും ശബ്ദമലിനീകരണവും ശല്യവും കുറയ്ക്കുന്നതിനുമായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആര്‍എല്‍) മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. നിയമം ലംഘിക്കുന്നവരിൽ നിന്ന് 2,500 രൂപ വരെ പിഴ ഈടാക്കാനാണ് പുതിയ തീരുമാനം. സഹയാത്രികരുടെ സ്വകാര്യതയെയും സൗകര്യത്തെയും മാനിച്ചുകൊണ്ട് എല്ലാവരും നിർബന്ധമായും ഹെഡ്‌ഫോണുകൾ ഉപയോഗിക്കണമെന്നും, മൊബൈൽ ഫോണുകൾ സ്പീക്കർ മോഡിലിടുന്നത് ഒഴിവാക്കണമെന്നും മെട്രോ അധികൃതർ ആവശ്യപ്പെട്ടു. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം 2026 ജൂൺ 19-ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപന പ്രകാരമാണ് ഈ പുതിയ നടപടി. ‘ജൻ വിശ്വാസ് (ഭേദഗതി വ്യവസ്ഥകൾ) ആക്ട് 2026’ പ്രകാരം മെട്രോ റെയിൽവേ (ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ്) ആക്ട് 2002ലെ സെക്ഷൻ 59 ഭേദഗതി ചെയ്തുകൊണ്ടാണ് പിഴ തുക വലിയ തോതിൽ വർദ്ധിപ്പിച്ചത്. മുൻപ് 500 രൂപയായിരുന്ന പിഴയാണ് ഇപ്പോൾ അഞ്ചിരട്ടിയാക്കി 2,500 രൂപ വരെയായി ഉയർത്തിയത്. നിയമം ലംഘിക്കുന്ന യാത്രക്കാരെ മെട്രോ പരിസരത്ത് നിന്ന് പുറത്താക്കാനും അധികൃതർക്ക് അധികാരമുണ്ടാകും. യാത്രയിലെ മര്യാദകൾ പാലിക്കുന്നതിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി കഴിഞ്ഞ മാസം സിഎംആർഎൽ പ്രത്യേക കാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിഴ ശിക്ഷ കർശനമാക്കിക്കൊണ്ടുള്ള പുതിയ ഉത്തരവ് നിലവിൽ വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button