ആറ് മാസം പ്രായമുള്ള കുഞ്ഞിന് അമിതഅളവിൽ മരുന്ന് നൽകി; എറണാകുളം ജില്ല ആശുപത്രിയിൽ വൻ ചികിത്സ പിഴവ്

ആലുവ: ജില്ല ആശുപത്രിയിൽ ചികിത്സ പിഴവ്. ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ആറ് മാസം പ്രായമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകിയെന്നാണ് പരാതി. കുഞ്ഞിന്റെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തത്. ഏപ്രിൽ 29 നാണ് കേസിനാസ്പദമായ സംഭവം. കുഞ്ഞിന് പ്രതിരോധ കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് പനിയുണ്ടായി. ഇത് കുറയ്ക്കുന്നതിനായി നൽകിയ പാരസെറ്റമോൾ ലിക്വിഡിന്റെ അളവ് കൂടിയതാണ് പ്രശ്‌നമായത്. ഫില്ലറിൽ മരുന്ന് നൽകിയപ്പോൾ സംഭവിച്ച പിഴവാണിതെന്ന് പരാതിയിൽ പറയുന്നു. കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മാതാപിതാക്കൾ കുഞ്ഞിനെ അടിയന്തരമായി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ ചികിത്സയ്ക്കായി ഇതിനകം 80,000 രൂപ ചെലവഴിക്കേണ്ടി വന്നതായും ആരോപിക്കപ്പെടുന്നു. കുഞ്ഞ് അപകടാവസ്ഥ തരണം ചെയ്തതിന് ശേഷമാണ് മാതാപിതാക്കൾ ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. മരുന്ന് ഓവർഡോസ് നൽകിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button