പത്തനംതിട്ടയിൽ ക്ഷേത്രത്തിൽ വൻ കവർച്ച; 22 സ്വർണ്ണത്താലികളടക്കം നിരവധി ആഭരണങ്ങൾ മോഷണംപോയി
കോന്നി: കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ വൻ കവർച്ച. മോഷ്ടാക്കൾ സ്വർണത്താലിയും പണവും കവർന്നു. ക്ഷേത്രത്തിന്‍റെ തിടപ്പള്ളി പൊളിച്ച് 22 സ്വർണ്ണത്താലികൾ, 5 സ്വർണ പൊട്ടുകൾ, സ്വർണ ആൾരൂപങ്ങൾ, അന്നദാന വഞ്ചിയിൽ നിന്ന് 18,000ത്തിലധികം രൂപ എന്നിവയാണ് മോഷ്ടാക്കൾ കവർന്നത്. ഞായറാഴ്ച പുലർച്ച മേൽശാന്തി ക്ഷേത്രം തുറന്നപ്പോഴാണ് തിടപ്പള്ളിയും അന്നദാന വഞ്ചിയും സ്റ്റോറും കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. മോഷ്ടാവിന്റേത് എന്ന് സംശയിക്കുന്ന രണ്ട് താക്കോലുകൾ ക്ഷേത്രത്തിന്റെ മുറ്റത്തുനിന്നും ലഭിച്ചിട്ടുണ്ട്. പൊലീസും വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മൂന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സജികുമാറും സെക്രട്ടറി സൂജനയും പറഞ്ഞു. കോന്നി അച്ചൻകോവിൽ വനപാതക്കരികിൽ വനമേഖലയോടു ചേർന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.





