കോൺഗ്രസ് ആസ്ഥാനത്ത് ഇരച്ചെത്തി മഹിളമോർച്ചക്കാർ; ‘മോദി ചോർ ഹെ’ വിളിച്ച് തുരത്തിവിട്ട് കോൺഗ്രസുകാർ
ന്യൂഡൽഹി: എസ്.ഐ.ആറിനെതിരെ രാജ്യമൊന്നടങ്കം പ്രക്ഷോഭം നടത്തുമ്പോൾ, ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച് അപഹാസ്യരായി ബി.ജെ.പിയുടെ വനിതാവിഭാഗം സംഘടനയായ മഹിള മോർച്ച. മുഖ്യതെരഞ്ഞെടുപ്പു കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരി ആരോപണം ഉയർത്തിയും ഇൻഡ്യ സഖ്യം ഡൽഹിയിൽ പ്രതിഷേധം കനപ്പിക്കുന്നതിനിടെയാണ് കോട്ല റോഡിലെ എ.ഐ.സി.സി ആസ്ഥാനത്തിേലക്ക് മാർച്ചുമായി മഹിളാ മോർച്ച പ്രവർത്തകരെത്തിയത്. ഇവരെ ‘മോദി ചോർ ഹെ! മോദി ചോർ ഹെ! ’ (മോദി കള്ളൻ, മോദി കള്ളൻ) എന്ന മുദ്രാവാക്യം മുഴക്കി കോൺഗ്രസ് പ്രവർത്തകർ തുരത്തിവിട്ടു. എ.ഐ.സി.സി ആസ്ഥാനത്ത് വാർത്താസമ്മേളനം കഴിഞ്ഞ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മടങ്ങുന്നതിനിടെ മറുഗേറ്റിലൂടെ മഹിളാ മോർച്ച പ്രവർത്തകർ ഇരച്ചെത്തുകയായിരുന്നു. കോൺഗ്രസ് ആസ്ഥാനത്തിന് മുൻപിൽ പൊലീസ് മതിയായ സുരക്ഷ ഏർപ്പെടുത്തിയിരുന്നില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്. നാലോളം ബാരിക്കേഡുകളുള്ള കനത്ത സുരക്ഷാ മേഖല മറികടന്നാണ് മഹിളാ മോർച്ച പ്രവർത്തകർ കോൺഗ്രസ് ആസ്ഥാനത്തിന് തൊട്ടുമുന്നിലെത്തിയത്. പൊലീസുകാരുടെ മനപ്പൂർവ്വമായ വീഴ്ചയോ ഒത്താശയോ കൊണ്ടാണ് പ്രതിഷേധക്കാർക്ക് ഇത്രയും അടുത്തേക്ക് കടന്നുവരാൻ കഴിഞ്ഞതെന്ന് സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. വഴിയാത്രക്കാരെപ്പോലെ കടന്നുവന്ന പ്രതിഷേധക്കാർ പെട്ടെന്ന് എ.ഐ.സി.സി ഓഫിസിന് മുന്നിൽ ബഹളം വെക്കുകയായിരുന്നു. “മോദി സിന്ദാബാദ്”, “രാഹുൽ ഗാന്ധി ചോർ ഹൈ” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധിച്ചത്. എന്നാൽ ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം “മോദി ചോർ ഹെ” എന്ന് തിരിച്ചു മുദ്രാവാക്യം വിളിച്ചുകൊണ്ട് ഇവരെ ശക്തമായി പ്രതിരോധിക്കുകയും തുരത്തുകയും ചെയ്തു. 13 കോടിയിലധികം ആളുകളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ വിഷയം രാഹുൽ ഗാന്ധി പുറത്തുകൊണ്ടുവന്നതിന്റെ അരിശം തീർക്കാനാണ് മഹിളാമോർച്ചയുടെ പ്രതിഷേധ നാടകമെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. തുടർന്ന് പൊലീസെത്തി മഹിളാ മോർച്ച പ്രവർത്തകരെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു.





