കൊച്ചി അൽ റീമിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഷിഗെല്ല: ഹോട്ടലിനെതിരെ കേസ്
കൊച്ചി: കൊച്ചി കത്രിക്കടവിലെ അൽ റീം റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഉണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയേറ്റ് കൊച്ചിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന മൂന്നുപേരുടെ സാമ്പിളുകളിലാണ് ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയത്. സംഭവത്തിൽ ഹോട്ടൽ ഉടമകൾക്കെതിരെ കൊച്ചി നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും സ്ഥാപനം അടപ്പിച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച അൻപതോളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കം, ഛർദ്ദി, കടുത്ത പനി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളോടെയായിരുന്നു ഇവരെ കൊച്ചിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. നിലവിൽ 27 പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിൽ തുടരുന്നത്.ആദ്യം ചികിത്സ തേടിയവരിൽ മൂന്നുപേരുടെ പരിശോധനാഫലം പോസിറ്റീവായ സാഹചര്യത്തിൽ, ചികിത്സയിലുള്ള മുഴുവൻ പേരുടെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ്. രോഗവ്യാപനത്തിന്റെ തോത് കൃത്യമായി മനസിലാക്കാനും കൂടുതൽ പേരിൽ ബാക്ടീരിയ സാന്നിധ്യമുണ്ടോ എന്ന് ഉറപ്പാക്കാനുമാണ് ആരോഗ്യവകുപ്പിന്റെ നീക്കം.ഹോട്ടലിൽ നിന്ന് മന്തിയും അൽഫാമും കഴിച്ചവർക്കാണ് പ്രധാനമായും ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്. കുഴിമന്തിക്കൊപ്പം വിതരണം ചെയ്ത മയോണൈസിൽ നിന്നാണ് ഷിഗെല്ല ബാക്ടീരിയ പടർന്നത് എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാൽ, മയോണൈസ് കഴിക്കാതെ ചിക്കൻ വിഭവങ്ങൾ മാത്രം കഴിച്ച ചിലരിലും വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതായി ഡോക്ടർമാർ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മയോണൈസ് മാത്രമാണോ രോഗകാരണം എന്നതിൽ സാമ്പിൾ പരിശോധനകളുടെ അന്തിമഫലം പുറത്തുവന്ന ശേഷമേ പൂർണ വ്യക്തത വരികയുള്ളൂ.ഭക്ഷ്യവിഷബാധയെ തുടർന്ന് ഹോട്ടലിനെതിരെ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പുറമെ, ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഹോട്ടലിൽ നിന്നും ശേഖരിച്ച ഭക്ഷണ സാമ്പിളുകളും ജലസാമ്പിളുകളും വിശദമായ ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കൊച്ചി നഗരത്തിലെ മറ്റ് ഹോട്ടലുകളിലും പരിശോധനകൾ കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.





