മൈസൂരിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി കുടുംബനാഥൻ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
മൈസൂരു: കർണാടകയിലെ മൈസൂരു ജില്ലയിലെ ഹുൻസൂരിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം കുടുംബനാഥൻ ആത്മഹത്യ ചെയ്തതായി പോലീസ്. ന്യൂ മാരുതി ലേഔട്ടിലെ വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഹരീഷ് (49), ഭാര്യ നിശ്ചിത (36), മക്കളായ നെക്സ (13), രക്ഷ (6) എന്നിവരാണ് മരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ, ഭാര്യയുടെയും മക്കളുടെയും വായ ടേപ്പ് ഉപയോഗിച്ച് മൂടി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. തുടർന്ന് ഹരീഷ് വീട്ടിലെ ഒന്നാം നിലയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തു. ‘My Last Wishes’ എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പിൽ ചില അവസാന ആഗ്രഹങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സാമ്പത്തിക, കുടുംബ, വ്യക്തിപരമായ പ്രശ്നങ്ങൾ ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് ഹുൻസൂർ ടൗൺ പോലീസ് അറിയിച്ചു.





