ബിജെപിയെ ഞെട്ടിക്കാന്‍ അടുത്ത മൂവ്‌മെന്റ്; ഇ20 പെട്രോളിനെതിരെ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട്, അടുത്ത ലക്ഷ്യം നിതിന്‍ ഗഡ്കരി?

ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ(സിജെപി) സമര വിജയത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെയും ബിജെപിയെയും ഞെട്ടിച്ച് പുതിയ സോഷ്യൽ മീഡിയ മൂവ്മെന്‍റ്. ‘E20 ജനതാ പാർട്ടി’ എന്ന് പേരിട്ടിക്കുന്ന ക്യാമ്പയിന്‍ ഇന്ധന ഉപഭോക്താക്കൾക്ക് 100% ശുദ്ധമായ പെട്രോൾ തെരഞ്ഞെടുക്കാനുള്ള അവകാശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സജീവമാകുന്നത്. ‘E20 ജനതാ പാർട്ടി(E20 JANTA PARTY)’ എന്ന പേരില്‍ സോഷ്യൽ മീഡിയയില്‍ അക്കൗണ്ടും പ്രത്യക്ഷപ്പെട്ടു. ഇന്ധനത്തിൽ ഉയർന്ന അളവിൽ എഥനോൾ കലർത്തുന്ന നിലവിലെ നയത്തിനെതിരെയാണ് പ്രതിഷേധം. “ഞങ്ങളുടെ വാഹനങ്ങളുടെ ഫ്യുവൽ ടാങ്കിൽ എന്ത് ഒഴിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം ഉപഭോക്താവിനായിരിക്കണം” എന്നാണ് E20 ജനതാ പാർട്ടി പ്രധാനമായും ആവശ്യപ്പെടുന്നത്.വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ ജനശ്രദ്ധ നേടാൻ ഈ ക്യാമ്പയിന് സാധിച്ചിട്ടുണ്ട്. എക്സ്, ഇന്‍സ്റ്റഗ്രാം എന്നിവിടങ്ങളിലാണ് അക്കൗണ്ടുകള്‍ കാണപ്പെടുന്നത്. ‘വെറും 4 മണിക്കൂറിനുള്ളിൽ 4,000 ഫോളോവേഴ്സ്, ഈ പോക്കാണെങ്കിൽ നിതിൻ ഗഡ്കരിക്ക് പോലും ശ്രദ്ധിക്കേണ്ടി വരും’- എന്നാണ് E20 ജനതാ പാർട്ടിയുടെ എക്സില്‍ വന്നൊരു പോസ്റ്റ്. ഇന്‍സ്റ്റഗ്രാമിലും ഫോളോവേഴ്സ് ഉയരുന്നുണ്ട്. വരും ദിവസങ്ങളിൽ ക്യാമ്പയിൻ കൂടുതൽ ശക്തമാകുമെന്നാണ് സോഷ്യല്‍ മീഡിയ ട്രെന്‍ഡ് സൂചിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ 20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ (E20) വിതരണത്തിനെതിരെ രാജ്യതലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാകുന്നുണ്ട്. വാഹനങ്ങൾക്കുണ്ടാകുന്ന സാങ്കേതിക തകരാറുകൾ, മൈലേജ് കുറയൽ, കൂടിയ അറ്റകുറ്റപ്പണി ചെലവ് എന്നിവ ചൂണ്ടിക്കാട്ടി വാഹന ഉടമകളും ടാക്സി-ട്രാൻസ്പോർട്ട് സംഘടനകളും രംഗത്തുണ്ട്. ഡൽഹി ടാക്സി ആന്‍ഡ് ടൂറിസ്റ്റ് ട്രാൻസ്പോർട്ടേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 4ന് പാർലമെൻ്റിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ എഥനോള്‍ ചേര്‍ത്ത ഇ20 പെട്രോള്‍ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവും സാങ്കേതികമായി പുരോഗമിച്ചതുമാണെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടാണ് സിജെപി രൂപീകരിക്കുന്നത്. ജന്തര്‍ മന്തറിലെ ശക്തായ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയിലാണ് സിജെപി മൂവ് മെന്റ് കലാശിച്ചത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ ലക്ഷ്യമിട്ടാണ് E20 ജനതാ പാർട്ടിയുടെ നീക്കങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. എഥനോൾ വിവാദത്തിൽ ഉൾപ്പെട്ട കമ്പനി ‘സിയാൻ അഗ്രോ’യുടെ നേതൃ സ്ഥാനത്തുള്ളത് നിതിൻ ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരിയാണ്. മന്ത്രി പോളിസി ഉണ്ടാക്കുകയും മക്കൾ ലാഭമുണ്ടാക്കുകയും ചെയ്യുന്നു എന്ന ആരോപണവുമായി പ്രതിപക്ഷം തന്നെ ശക്തമായി രംഗത്തുണ്ട്. പെട്രോളിൽ എഥനോൾ ചേർക്കാനുള്ള നയം തുടങ്ങുമ്പോൾ 40 രൂപയായിരുന്നു ‘സിയാൻ അഗ്രോ’ കമ്പനിയുടെ ഓഹരിവില. ഒന്നര വർഷം കൊണ്ട് ഓഹരി കുതിച്ച് 3600 രൂപയിലേക്ക് എത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button