ട്രെയിനിലെ നിയമലംഘനങ്ങളിൽ ഇനി കീശ കീറും; സ്ത്രീകളുടെ കംപാർട്ട്മെന്റിൽ കയറിയാൽ 2500 രൂപ പിഴ

മുംബൈ: ട്രെയിൻ യാത്രകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും നിയമലംഘനങ്ങൾ നടത്തുന്നവർക്ക് ഇനി കനത്ത പിഴ നൽകേണ്ടി വരും. ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ റെയിൽവേ നിയമപ്രകാരം സ്ത്രീകളുടെ കംപാർട്ട്മെന്റുകളിൽ അനധികൃതമായി യാത്ര ചെയ്യുന്ന പുരുഷന്മാർ 2,500 രൂപ പിഴയൊടുക്കേണ്ടി വരും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പിഴത്തുകകളിൽ റെയിൽവേ വലിയ വർധനവ് വരുത്തിയിരിക്കുന്നത്. ജൻ വിശ്വാസ് നിയമപ്രകാരമാണ് ഈ പരിഷ്കാരങ്ങൾ. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് നിലവിലുണ്ടായിരുന്ന 250 രൂപ പിഴ ഇനി മുതൽ 500 രൂപയാക്കി ഉയർത്തി. മറ്റൊരാളുടെ ടിക്കറ്റോ പാസോ ഉപയോഗിച്ച് യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 500 രൂപ പിഴ ഈടാക്കുന്നതിന് പുറമെ ടിക്കറ്റ് കണ്ടുകെട്ടാനും അധികൃതർ നടപടിയെടുക്കും. സ്റ്റേഷൻ പരിസരങ്ങളിൽ പുകവലിക്കുന്നവർക്ക് 2,000 രൂപയും, അനധികൃത കച്ചവടം നടത്തുന്നവർക്ക് 2,000 രൂപയുമാണ് പിഴ. കച്ചവടം ആവർത്തിക്കുന്ന സാഹചര്യത്തിൽ പിഴത്തുക 5,000 രൂപയായി ഉയരും. അപകടകരമായതോ നിരോധിക്കപ്പെട്ടതോ ആയ വസ്തുക്കൾ ട്രെയിനിൽ കൊണ്ടുപോകുന്നവർക്ക് കുറഞ്ഞത് 10,000 രൂപ പിഴ നൽകേണ്ടി വരും. സബർബൻ, പാസഞ്ചർ, മെയിൽ, എക്സ്പ്രസ് തുടങ്ങി എല്ലാ ട്രെയിനുകൾക്കും പുതിയ നിയമം ബാധകമാണ്. നീണ്ട കോടതി നടപടികൾ ഒഴിവാക്കി, നിയമലംഘനം ശ്രദ്ധയിൽപ്പെടുന്ന സ്ഥലത്തുവെച്ചുതന്നെ പിഴ ചുമത്താൻ റെയിൽവേ ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയിട്ടുണ്ട്. ജൻ വിശ്വാസ് ആക്ടിലെ 137, 188 വ്യവസ്ഥകളിലാണ് ഈ ഭേദഗതികൾ വരുത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button