പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരനെ ചൂടാക്കിയ കത്തി കൊണ്ട് സ്വകാര്യഭാഗത്ത് പൊള്ളിച്ചു; അധ്യാപികക്കെതിരെ കേസ്

ലഖ്നോ: ഉത്തർപ്രദേശ് വാരാണസിയിലെ സ്വകാര്യ പ്ലേ സ്കൂളിൽ അഞ്ചുവയസ്സുകാരനായ വിദ്യാർഥിയുടെ സ്വകാര്യഭാഗത്ത് അധ്യാപിക ചൂടാക്കിയ കത്തി കൊണ്ട് പൊള്ളിച്ചു. കുട്ടി പാന്റിൽ മൂത്രമൊഴിച്ചതിനെ തുടർന്നാണ് അധ്യാപികയുടെ ക്രൂരത. മാതാപിതാക്കളുടെ പരാതിയിൽ അധ്യാപികക്കും സ്കൂൾ അധികൃതർക്കെതിരെയും പൊലീസ് കേസെടുത്തു.ക്ലാസിനിടെ ശുചിമുറിയിൽ പോകണമെന്ന് കുട്ടി അധ്യാപികയോട് ആവശ്യപ്പെട്ടു. എന്നാൽ, അധ്യാപിക അനുമതി നിഷേധിച്ചു. ഇതിന് പിന്നാലെ കുട്ടി പാന്റിൽ അബദ്ധത്തിൽ മൂത്രമൊഴിച്ചതിനാണ് അധ്യാപിക കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചൂടാക്കിയ കത്തി വെച്ചത്. അധ്യാപിക, സ്കൂൾ പ്രിൻസിപ്പൽ, സ്കൂൾ മാനേജ്മെന്റ് എന്നിവർക്കെതിരെയാണ് ലാൽപുർ പാണ്ഡേപുർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ജൂലൈ 24ന് സെറീൻ സോണി പ്ലേ സ്കൂളിലാണ് സംഭവം. ക്ലാസിനിടെ കുട്ടി ശുചിമുറിയിൽ പോകാൻ അധ്യാപികയോട് അനുമതി തേടി. എന്നാൽ അധ്യാപിക അത് നിഷേധിച്ചതോടെ കുട്ടി അബദ്ധത്തിൽ പാന്റിൽ മൂത്രമൊഴിക്കുകയായിരുന്നു. തുടർന്ന് അധ്യാപിക കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ഗ്യാസ് സ്റ്റൗവിൽ കത്തി ചൂടാക്കി സ്വകാര്യഭാഗത്ത് പൊള്ളിച്ചു. പിന്നാലെ മർദിക്കുകയും സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പിതാവ് നൽകിയ പരാതിയിൽ പറയുന്നു. വീട്ടിലെത്തിയ കുട്ടി സ്വകാര്യഭാഗത്ത് കടുത്ത വേദന അനുഭവപ്പെടുന്നതായി മാതാപിതാക്കളെ അറിയിച്ചു. പരിശോധിച്ചപ്പോൾ പൊള്ളൽ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ അധ്യാപിക ശിക്ഷിച്ചതായി കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. അധ്യാപികയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിച്ചില്ലെന്നും തുടർന്ന് സ്കൂൾ പ്രിൻസിപ്പലിനെ സമീപിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയനാക്കി. കുട്ടിയുടെ മൊഴി, മെഡിക്കൽ റിപ്പോർട്ട്, മറ്റ് തെളിവുകൾ എന്നിവ പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവം പുറത്തുവന്നതോടെ സ്കൂളിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button