കുഴച്ച മാവിൽ നീന്തിക്കളിക്കുന്ന യുവാവ്; ഫുഡ് യൂണിറ്റിൽ നിന്നുള്ള വിഡിയോ കണ്ട് ഞെട്ടി ഭക്ഷണപ്രേമികൾ
സോയ ചാപ് നിർമിക്കുന്നതായി അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഭക്ഷ്യസുരക്ഷയും ശുചിത്വ മാനദണ്ഡങ്ങളും വീണ്ടും ചർച്ചയാകുന്നു. ഉത്തർപ്രദേശിലെ നോയിഡ സെക്ടർ 27-ലുള്ള ഒരു നിർമാണ യൂണിറ്റിൽ ചിത്രീകരിച്ചതാണെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ഏകദേശം 37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, വലിയ പാത്രത്തിൽ നിറച്ച സോയ ചാപ് മിശ്രിതത്തിലൂടെ ഒരാളെ മറ്റുചിലർ വലിച്ചിഴയ്ക്കുന്നതും തുടർന്ന് മിശ്രിതത്തിൽ ഉരുളുന്നതുമാണ് കാണുന്നത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരത്തിലുള്ള ശുചിത്വരഹിതമായ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുന്നുണ്ടോയെന്ന ആശങ്കയും സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്നു.വീഡിയോയ്ക്ക് താഴെ നിരവധി പേർ ‘ഇനി സോയ ചാപ് കഴിക്കില്ല’, ‘ഭക്ഷ്യസുരക്ഷാ അധികൃതർ അന്വേഷണം നടത്തണം’, ‘ഇത്തരത്തിലുള്ള യൂണിറ്റുകൾക്കെതിരെ കർശന നടപടി വേണം’ തുടങ്ങിയ പ്രതികരണങ്ങളാണ് പങ്കുവെച്ചത്. അതേസമയം, വീഡിയോ യഥാർഥത്തിൽ ഭക്ഷ്യനിർമാണത്തിനിടെയാണോ ചിത്രീകരിച്ചതെന്നും ദൃശ്യങ്ങളുടെ പശ്ചാത്തലം എന്താണെന്നും ബന്ധപ്പെട്ട അധികൃതർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവം വൈറലായതോടെ ഭക്ഷ്യനിർമാണ യൂണിറ്റുകളിലെ ശുചിത്വ മാനദണ്ഡങ്ങൾ കർശനമായി പരിശോധിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളുടെ ആധികാരികത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഇതോടൊപ്പം ചർച്ചയാകുകയാണ്.





