മഞ്ചേരി നഗരസഭ കൗൺസിലറുടെ കൊലപാതകം; മുങ്ങിയ ഒന്നാം പ്രതി പിടിയിൽ

മലപ്പുറം: മഞ്ചേരി നഗരസഭ കൌൺസിലറുടെ കൊലപാതകത്തിൽ ഒന്നാം പ്രതി പിടിയിൽ. നെല്ലിക്കുത്ത് കോട്ടക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവാണ് (29) പിടിയിലായത്. കേസിന്റെ വിധി പറയുന്ന വ്യാഴാഴ്ച ഇയാൾ കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നു. ഇതോടെ കേസ് മാറ്റി വെക്കുകയായിരുന്നു. വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി, ഒന്നാം പ്രതിയുടെ രണ്ട് ജാമ്യക്കാർക്കെതിരെ കേസെടുക്കാനും ഓരോ ലക്ഷം രൂപ വീതം കോടതിയില്‍ കെട്ടിവെക്കാനും ഉത്തരവിട്ടു. വ്യാഴാഴ്ച വിധി പറയാനായി മഞ്ചേരി മൂന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. സൂരജ് മുമ്പാകെ കേസ് പരിഗണിച്ചിരുന്നു. എന്നാൽ, ഒന്നാം പ്രതി ഹാജരാകാതെ വന്നതോടെ മാറ്റിവെക്കുകയായിരുന്നു. പ്രതിയുടെ ജാമ്യവും കോടതി റദ്ദാക്കി. നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൽ മാജിദ് (30), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംസീർ (36) എന്നിവരാണ് മറ്റു പ്രതികള്‍. ഇവർ രണ്ടുപേരും വ്യാഴാഴ്ച കോടതിയിൽ ഹാജരായിരുന്നു. ആഗസ്റ്റ് അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും. അതിന് മുമ്പായി പ്രതിയെ കണ്ടെത്താന്‍‌ പൊലീസ് അന്വേഷണം ഊർജിതമാക്കി. 2022 മാർച്ച് 29ന് രാത്രി പത്തോടെയാണ് കേസിനാസ്പദമായ സംഭവം. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് പാലക്കാട്ടുപോയി തിരിച്ചുവരികയായിരുന്ന അബ്ദുൽ ജലീലും സംഘവും സഞ്ചരിച്ചിരുന്ന കാറിന്റെ ലൈറ്റ് കണ്ണിലേക്കടിച്ചെന്ന് പറഞ്ഞ് ബൈക്ക് യാത്രക്കാരായ ഷുഹൈബും മാജിദും ഒലിപ്രക്കാട് വെച്ച് വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടെ ഷുഹൈബ് ഹെൽമറ്റ് ഉപയോഗിച്ച് കാറിന്റെ പിറകിലെ ഗ്ലാസ് അടിച്ചുതകർത്തു. തുടർന്ന് ഷംസീറിനെ ഫോണിൽ വിളിച്ചുവരുത്തുകയുംചെയ്തു. കാറിന്റെ പൊട്ടിയ ഗ്ലാസ് കൗൺസിലർ അടക്കമുള്ള സംഘം നോക്കുന്നതിനിടെ പ്രതികൾ കരിങ്കല്ല് ഉപയോഗിച്ച് കൗൺസിലറുടെ തലക്ക് അടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മാർച്ച് 30ന് ജലീൽ മരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button