എപ്പോഴും ഇളകിമറിഞ്ഞുകൊണ്ടിരിക്കുന്ന കിണര്‍; ഗുജറാത്തിലെ മോർബിയിൽ അത്ഭുത പ്രതിഭാസം, കാരണം തേടി ശാസ്ത്രജ്ഞർ!
അഹമ്മദാബാദ്: സ്വതവെ നിശ്ചലമാണ് കിണര്‍ ജലം. എന്നാൽ ഗുജറാത്തിലെ മോർബിയിലുള്ള ഒരു കിണറ്റിലെ വെള്ളം നിരന്തരം കുലുങ്ങുകയും തരംഗങ്ങളായി ഇളകിമറിയുകയും ചെയ്യുന്ന പ്രതിഭാസം പ്രദേശവാസികൾ ഞെട്ടലോടെയാണ് കാണുന്നത്. ഇതിന്റെ യഥാർഥ കാരണം കണ്ടെത്താൻ വിദഗ്ധര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മോര്‍ബി ജില്ലയിലെ വിർപർദ ഗ്രാമത്തിലെ പ്രഞ്ജിവൻ സദാരിയയുടെ കൃഷിയിടത്തിൽ സ്ഥിതി ചെയ്യുന്ന 18 അടി ആഴമുള്ള ഒരു കിണർ ആഗസ്റ്റ് 2 മുതൽ തുടർച്ചയായി കുലുങ്ങുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. കിണറിലെ ജലനിരപ്പ് ഒരു വശത്തേക്കും പിന്നീട് മറുവശത്തേക്കും ഉയരുന്നതും ചിലപ്പോൾ പുറത്തേക്ക് ഒഴുകുന്നതും ദൃശ്യങ്ങളിൽ കാണാം. പേടി കാരണം ഗ്രാമവാസികൾ ആരും കിണറിനടുത്തേക്ക് പോകുന്നില്ല.മൂന്ന് മാസങ്ങൾക്ക് മുൻപാണ് കിണര്‍ നിര്‍മിച്ചത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് കിണറിൽ ഓളങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. “ഞായറാഴ്ച ഞാൻ കൃഷിയിടത്തിൽ എത്തിയപ്പോൾ കിണറ്റിലെ വെള്ളം കരകവിഞ്ഞൊഴുകുകയായിരുന്നു. അന്നുമുതൽ ഇതുവരെ ഈ സ്ഥിതി തുടരുകയാണ്,” പ്രഞ്ജിവൻ സദാരിയ പറയുന്നു.ഞായറാഴ്ചയും തിങ്കളാഴ്ചയും കിണറ്റിലെ വെള്ളത്തിൽ ശക്തമായ ഇളക്കം ദൃശ്യമായിരുന്നതായി പ്രദേശവാസികളും വ്യക്തമാക്കി. ചൊവ്വാഴ്ച ഈ ചലനം താത്കാലികമായി നിലച്ചെങ്കിലും ബുധനാഴ്ചയും വ്യാഴാഴ്ചയും വീണ്ടും ആരംഭിച്ചത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിച്ചു. സമീപത്ത് രണ്ടും മൂന്നും കിണറുകൾ വേറെയുമുണ്ടെങ്കിലും അവയിലെ വെള്ളം പൂർണ്ണമായും ശാന്തമായിത്തന്നെ ഇരിക്കുന്നതാണ് സംശയങ്ങൾക്കിടയാക്കുന്നത്.സമീപ ഗ്രാമങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പേരാണ് ഈ അപൂര്‍വ കാഴ്ച കാണാൻ സദാരിയയുടെ കൃഷിയിടത്തിലെത്തുന്നത്. സമീപത്തെ ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനമോടിക്കുന്നവരും ഈ അത്ഭുതക്കിണര്‍ വേണ്ടി വണ്ടി നിര്‍ത്തുന്നു. കാണുന്നവരെല്ലാം ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തുന്നുണ്ട്. ചിലർ ഇതിനെ ഒരു അത്ഭുതം എന്ന് വിശേഷിപ്പിച്ചപ്പോൾ, മറ്റു ചിലർ വെള്ളത്തിന്റെ അസാധാരണമായ ചലനത്തിന് പിന്നിൽ ഒരു ശാസ്ത്രീയ വിശദീകരണമുണ്ടെന്ന് വിശ്വസിക്കുന്നു.സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകളും വാർത്തകളും പ്രചരിച്ചതോടെ, കിണറിന്റെ വിചിത്രമായ ചലനം ഭൂകമ്പത്തിന്റെ സൂചനയാണെന്ന് താമസക്കാര്‍ പറയുന്നു. എന്നാൽ ഈ സാധ്യത ജില്ലാ അധികാരികൾ തള്ളിക്കളഞ്ഞു. ഈ പ്രതിഭാസം പ്രകൃതിദത്തമായ ഒരു ഭൂമിശാസ്ത്ര പ്രക്രിയ മൂലമാണെന്ന് തോന്നുന്നു.പ്രാഥമിക നിരീക്ഷണങ്ങളിൽ ഭൂകമ്പവുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും സൂചിപ്പിക്കുന്നില്ലെന്ന് ജില്ലാ ജിയോളജിസ്റ്റ് ജെ.എസ്. വധേർ പറഞ്ഞു. കനത്ത മഴയെത്തുടർന്ന് ഭൂഗർഭജലം വീണ്ടും ഉയരുകയും പാറകളുടെ സുഷിരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വായു പുറത്തുവരികയും ചെയ്യുന്നതായി തോന്നുന്നു. ഇത് കിണറ്റിനുള്ളിൽ അസാധാരണമായ ചലനത്തിന് കാരണമാകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അടുത്തിടെയുണ്ടായ കനത്ത മഴയിൽ ഭൂഗർഭ ജലാശയങ്ങൾ വേഗത്തിൽ നിറയാൻ തുടങ്ങി. ഭൂഗർഭജലനിരപ്പ് ഉയർന്നതോടെ, ഭൂഗർഭ പാറക്കൂട്ടങ്ങൾക്കുള്ളിൽ കുടുങ്ങിയ വായു വിള്ളലുകളിലൂടെയും സുഷിരങ്ങളിലൂടെയും പുറത്തേക്ക് പോയി ജലോപരിതലത്തിൽ തുടർച്ചയായ പ്രക്ഷുബ്ധത സൃഷ്ടിച്ചിരിക്കാമെന്നാണ് അധികൃതരുടെ വിശദീകരണം. ഗുജറാത്ത് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഗാന്ധിനഗറിൽ നിന്നുള്ള ഒരു ശാസ്ത്ര സംഘം വിശദമായ പഠനം നടത്തുമെന്നും മോർബി ജില്ലാ കലക്ടർ സ്വപ്നിൽ ഖരെ പറഞ്ഞു.





