സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ, , 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് , 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ, മധ്യ കേരള ജില്ലകളിൽ തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്.
കനത്ത മഴയും കടൽ പ്രക്ഷുബ്ധവുമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് താൽക്കാലികമായി ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി 8 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
അവധി പ്രഖ്യാപിച്ച ജില്ലകൾ:
കാസർകോട് കണ്ണൂർ വയനാട് കോഴിക്കോട് തൃശൂർ കോട്ടയം പത്തനംതിട്ട ആലപ്പുഴ
അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.
ശക്തമായ മഴ തുടരുന്നതിനാൽ പൊതുജനങ്ങൾ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. നദികളിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങരുത്.
വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളിൽ കുട്ടികൾ കളിക്കാൻ വിടരുത്. അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന ദേശീയ ഹെൽപ്ലൈനുമായി ബന്ധപ്പെടാം.കാലാവസ്ഥാ വകുപ്പിന്റെ അടുത്ത ബുള്ളറ്റിൻ വരെ സ്ഥിതിഗതികൾ വിലയിരുത്തും. ജില്ലാ ഭരണകൂടങ്ങൾ ക്യാമ്പുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്





