റീൽ എടുക്കുന്നതിനിടെ കുഞ്ഞ് പാലത്തിന്റെ അരികിലേക്ക്; രക്ഷകനായി യുവാവ്
സോഷ്യൽ മീഡിയയിൽ റീൽ എടുക്കുന്നതിനിടെ കുഞ്ഞ് അപകടകരമായ രീതിയിൽ പാലത്തിന്റെ അരികിലേക്ക് നീങ്ങിയത് ആശങ്കയുയർത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പാലത്തിൽ റീൽ ചിത്രീകരിക്കുന്നതിനിടെ സ്ത്രീയുടെ ശ്രദ്ധ ക്യാമറയിലായിരുന്നു. ഇതിനിടെ കുഞ്ഞ് ഇഴഞ്ഞ് പാലത്തിന്റെ അരികിലേക്ക് എത്തുകയും പിന്നീട് എഴുന്നേറ്റ് അപകടകരമായ ഭാഗത്തേക്ക് കയറാൻ ശ്രമിക്കുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ട സമീപത്തുണ്ടായിരുന്ന യുവാവ് ഉടൻ ഓടിയെത്തി കുഞ്ഞിനെ എടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. യുവാവിന്റെ സമയോചിത ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. വീഡിയോ എവിടെ, എപ്പോൾ ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കുഞ്ഞിന്റെ സുരക്ഷയെക്കാൾ റീൽ ചിത്രീകരണത്തിന് പ്രാധാന്യം നൽകിയെന്ന വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ കുട്ടികളെ ഒരു നിമിഷം പോലും ശ്രദ്ധയില്ലാതെ വിടരുതെന്ന മുന്നറിയിപ്പും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.





