മുളകുപൊടിയിൽ 30 ശ‌തമാനം ചാണകപ്പൊടി!, വ്യാജ മസാല നിർമാണ യൂണിറ്റ് അടച്ചുപൂട്ടി പോലീസ് 10 ടൺ മുളകുപൊടി പിടിച്ചെടുത്തു

മുളകുപൊടിയിൽ ചാണകപ്പൊടി ചേർത്ത് വിപണിയിലെത്തിച്ചിരുന്ന വൻ വ്യാജ മസാല നിർമാണ യൂണിറ്റ് പോലീസ് പിടികൂടി. ഹൈദരാബാദ് മൽകാജ്ഗിരി സ്‌പെഷ്യൽ ഓപ്പറേഷൻ ടീമും ഫുഡ് അഡൽറ്ററേഷൻ സർവൈലൻസ് സംഘവും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് മേഡിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീനിവാസ നഗർ കോളനിയിൽ പ്രവർത്തിച്ചിരുന്ന ‘സായ് തിരുമല എന്റർപ്രൈസസ്’ എന്ന സ്ഥാപനം പൂട്ടിച്ചത്. പരിശോധനയിൽ 25 ലക്ഷം രൂപ വിലമതിക്കുന്ന 10.89 ടൺ മായം ചേർത്ത സുഗന്ധവ്യഞ്ജനപ്പൊടികൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ഗുണനിലവാര മാനദണ്ഡങ്ങളോ ഭക്ഷ്യസുരക്ഷാ ചട്ടങ്ങളോ പാലിക്കാതെ തീർത്തും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവിടെ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ തയ്യാറാക്കിയിരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പിടിച്ചെടുത്ത മുളകുപൊടിയിൽ 30 ശതമാനത്തോളം ഉണക്കിപ്പൊടിച്ച ചാണകപ്പൊടിയാണ് കലർത്തിയിരുന്നതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. പ്രമുഖ ബ്രാൻഡുകളുടേതിന് സമാനമായ വ്യാജ ലേബലുകളും പാക്കറ്റുകളും നിർമ്മിച്ച് അതിലാണ് ഇത്തരം ഗുണനിലവാരമില്ലാത്ത പൊടികൾ വിപണിയിലേക്ക് അയച്ചിരുന്നത്.

നിർമ്മാണ യൂണിറ്റിൽനിന്ന് 3,350 കിലോഗ്രാം മുളകുപൊടി, 5,140 കിലോഗ്രാം മല്ലിപ്പൊടി, 2,300 കിലോഗ്രാം മഞ്ഞൾപ്പൊടി, 100 കിലോഗ്രാം ഗരം മസാല എന്നിവ പോലീസ് പിടിച്ചെടുത്തു. ഇവ കൂടാതെ പ്രോസസ്സിങ്ങിനായി സൂക്ഷിച്ചിരുന്ന അസംസ്‌കൃത വസ്തുക്കൾ, പാക്കിംഗ് മെറ്റീരിയലുകൾ, നിർമ്മാണത്തിന് ഉപയോഗിച്ച മെഷീനുകൾ എന്നിവയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് സത്യനാരായണ, രുദ്രശേഖർ എന്നീ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത സാധനങ്ങളും പ്രതികളെയും തുടർനടപടികൾക്കായി മേഡിപ്പള്ളി പോലീസ് സ്റ്റേഷന് കൈമാറി.

ഉപഭോക്താക്കളുടെ വിശ്വാസത്തെ മുതലെടുത്ത് ആരോഗ്യത്തിന് ഹാനികരമായ വ്യാജ ഭക്ഷ്യവസ്തുക്കൾ നിർമ്മിച്ച് വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മൽകാജ്ഗിരി പോലീസ് കമ്മീഷണർ ബി. സുമതി മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button