ശമ്പളത്തിലും മെസ്സി തന്നെ ഒന്നാമൻ, ലെവൻഡോവ്സ്കി രണ്ടാമത്; എം.എൽ.എസിലെ ശമ്പളക്കണക്കുകൾ പുറത്ത്
ന്യൂയോർക്ക്: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ (എം.എൽ.എസ്) ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമെന്ന സ്ഥാനം നിലനിർത്തി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. പ്രതിവർഷം 2.83 കോടി ഡോളറാണ് (ഏകദേശം 262 കോടി രൂപ) ഇന്റർ മയാമി താരത്തിന്റെ ഉറപ്പുനൽകിയ പ്രതിഫലം. എം.എൽ.എസ് പ്ലെയേഴ്സ് അസോസിയേഷൻ വ്യാഴാഴ്ച പുറത്തുവിട്ട പുതിയ ശമ്പളപ്പട്ടികയിലാണ് മെസ്സി ഒന്നാം സ്ഥാനം നിലനിർത്തിയത്. പോളണ്ട് സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കിയാണ് രണ്ടാം സ്ഥാനത്ത്.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെസ്സിയുടെ പ്രതിഫലത്തിൽ ഏകദേശം 80 ലക്ഷം ഡോളറിന്റെ വർധനവുണ്ടായിട്ടുണ്ട്. കളിക്കാരനെന്ന നിലയിൽ ലഭിക്കുന്ന പ്രതിഫലം മാത്രമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരസ്യക്കരാറുകൾ ഉൾപ്പെടെയുള്ള മറ്റു വരുമാനങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ല. കഴിഞ്ഞ വർഷം ഇന്റർ മയാമിയുമായുള്ള കരാർ 2028 വരെ നീട്ടിയിരുന്നു. ഈ വർഷം ചിക്കാഗോ ഫയറിലെത്തിയ ലെവൻഡോവ്സ്കിക്ക് പ്രതിവർഷം 1.951 കോടി ഡോളറാണ് ഉറപ്പുനൽകിയ പ്രതിഫലം. ഫ്രഞ്ച് താരം അന്റോയിൻ ഗ്രീസ്മാനാണ് മൂന്നാം സ്ഥാനത്ത്. ഒർലാൻഡോ സിറ്റിക്കുവേണ്ടി കളിക്കുന്ന ഗ്രീസ്മാന്റെ പ്രതിഫലം 1.3938 കോടി ഡോളറാണ്. ലോസ് ആഞ്ജലസ് എഫ്.സിയുടെ ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂങ് മിൻ 1.1152 കോടി ഡോളറുമായി നാലാം സ്ഥാനത്തുണ്ട്. അറ്റ്ലാന്റ യുനൈറ്റഡിന്റെ സ്വിസ് താരം ബ്രീൽ എംബോളോയാണ് അഞ്ചാമത്. 1.081 കോടി ഡോളറാണ് എംബോളോയുടെ പ്രതിവർഷ പ്രതിഫലം. താരങ്ങൾക്കായി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന ക്ലബുകളുടെ പട്ടികയിലും മെസ്സിയുടെ ഇന്റർ മയാമിയാണ് മുന്നിൽ. ടീമിലെ താരങ്ങളുടെ ആകെ ഉറപ്പുനൽകിയ പ്രതിഫലം 5.937 കോടി ഡോളറാണ്. 4.129 കോടി ഡോളറുമായി ചിക്കാഗോ ഫയർ രണ്ടാമതും 3.835 കോടി ഡോളറുമായി അറ്റ്ലാന്റ യുനൈറ്റഡ് മൂന്നാമതുമുണ്ട്. ലോസ് ആഞ്ജലസ് ഗാലക്സി (3.491 കോടി ഡോളർ), ലോസ് ആഞ്ജലസ് എഫ്.സി (3.291 കോടി ഡോളർ) എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. അതേസമയം, താരങ്ങളുടെ പ്രതിഫലത്തിനായി ഏറ്റവും കുറവ് തുക ചെലവഴിക്കുന്ന ക്ലബ് ഫിലഡൽഫിയ യുനിയനാണ്. 1.264 കോടി ഡോളറാണ് ടീമിന്റെ ആകെ പ്രതിഫലം. സ്പോർട്ടിങ് കൻസാസ് സിറ്റി (1.33 കോടി ഡോളർ), ഡി.സി യുനൈറ്റഡ് (1.455 കോടി ഡോളർ) എന്നിവയാണ് തൊട്ടുപിന്നിൽ. ഒക്ടോബർ ഒമ്പത് വരെയുള്ള കണക്കുകളാണ് എം.എൽ.എസ് പ്ലെയേഴ്സ് അസോസിയേഷൻ പുറത്തുവിട്ടത്. വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിലൂടെ ലീഗിലെത്തിയ താരങ്ങളുടെ പ്രതിഫലം ഒരു വർഷത്തേക്കുള്ള കണക്കാക്കി മാറ്റിയാണ് പട്ടിക തയാറാക്കിയത്.





