Sports

ത്രില്ലര്‍ പോരില്‍ ചെന്നൈക്ക് ജയം! കൊല്‍ക്കത്തയുടെ പ്ലേ പ്രതീക്ഷ വിദൂരത്ത്, തോല്‍വി രണ്ട് വിക്കറ്റിന്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തോല്‍വി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 19.4 ഓവറില്‍ എട്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡിവാള്‍ഡ് ബ്രേവിസ് (25 പന്തില്‍ 52), ശിവം ദുെബ (40 പന്തില്‍ 45) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്. തോല്‍വിയോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ വിദൂരത്തായി. നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ ആതിഥേയര്‍ക്ക് അജിന്‍ക്യ രഹാനെ (33 പന്തില്‍ 48), ആന്ദ്രേ റസ്സല്‍ (21 പന്തില്‍ 38) എന്നിവരുടെ ഇന്നിംഗ്സുകളാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മനീഷ് പാണ്ഡെ (28 പന്തില്‍ 36) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ചെന്നൈക്ക് വേണ്ടി നൂര്‍ അഹമ്മദ് നാല് വിക്കറ്റ് നേടി. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ ഒരു ഘട്ടത്തില്‍ അഞ്ചിന് 60 എന്ന നിലയില്‍ തോല്‍വിക്ക് മുന്നിലായിരുന്നു. ആയുഷ് മാത്രെ (0), ഡെവോണ്‍ കോണ്‍വെ (0), ആര്‍ അശ്വിന്‍ (8), രവീന്ദ്ര ജഡേജ (19), ഉര്‍വില്‍ പട്ടേല്‍ (11 പന്തില്‍ 31) എന്നിവരാണ് മടങ്ങിയത്. എന്തായാലും ഉര്‍വില്‍ അരങ്ങേറ്റം മോശമാക്കിയില്ലെന്ന് പറയാം. പിന്നീട് ബ്രേവിസ് – ദുബെ സഖ്യമാണ് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയത്. ഇരുവരും 67 റണ്‍സ് കൂട്ടിചേര്‍ത്തു. 25 പന്തുകള്‍ നേരിട്ട ബ്രേവിസ് നാല് വീതം സിക്‌സും ഫോറും നേടി. 13-ാം ഓവറില്‍ താരം മടങ്ങിയെങ്കിലും ധോണിയെ (18 പന്തില്‍ 17) കൂട്ടുപിടിച്ച് ദുബെ ചെന്നൈയെ മുന്നോട്ട് നയിച്ചു.  ഇരുവരും 43 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ദുബെയും നൂര്‍ അഹമ്മദും (2) മടങ്ങിയെങ്കിലും ധോണി – അന്‍ഷൂല്‍ കാംബോജ് (4) സഖ്യം ചെന്നൈയെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറില്‍ എട്ട് റണ്‍സാണ് ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. റസ്സല്‍ എറിഞ്ഞ ആദ്യ പന്ത് തന്നെ ധോണി സിക്‌സര്‍ പായിച്ചു. അടുത്ത പന്തില്‍ റണ്‍സെടുക്കാനായില്ല. മൂന്നാം പന്തില്‍ ഒരു റണ്‍. നാലാം പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് കാംബോജ് ചെന്നൈക്ക് വിജയം സമ്മാനിച്ചു. നേരത്തെ, റഹ്‌മാനുള്ള ഗുര്‍ബാസിന്റെ (11) വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് ആദ്യം നഷ്ടമാകുന്നത്. അന്‍ഷൂലിന്റെ പന്തില്‍ നൂര്‍ അഹമ്മദിന് ക്യാച്ച്. പിന്നാലെ നരെയ്ന്‍ – രഹാനെ സഖ്യം 58 റണ്‍സ് കൂട്ടിചേര്‍ത്തു.  എന്നാല്‍ എട്ടാം ഓവറില്‍ നരെയ്ന്‍ പുറത്തായി. നൂര്‍ അഹമ്മദിന്റെ പന്തില്‍ ധോണി നരെയ്നെ സ്റ്റംപ് ചെയ്യുകയായിരുന്നു. അതേ ഓവറില്‍ രഘുവന്‍ഷിയും (1) മടങ്ങി. ധോണിക്ക് ക്യാച്ച്. പിന്നീട് രഹാനെ – മനീഷ് സഖ്യം 32 റണ്‍സും കൂട്ടിചേര്‍ത്തു. 13-ാം ഓവറില്‍ രഹാനെ വീണു. രവീന്ദ്ര ജഡേജയ്ക്കായിരുന്നു വിക്കറ്റ്. മനീഷിനാവട്ടെ വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ സാധിച്ചതുമില്ല. ഇതിനിടെ റസ്സലിന്റെ ഇന്നിംഗ്സാണ് കൊല്‍ക്കത്തയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. 17-ാം ഓവറില്‍ റസ്സല്‍ മടങ്ങി. നൂര്‍ അഹമ്മദിനായിരുന്നു വിക്കറ്റ്. റിങ്കു സിംഗിന് (9) ഇത്തവണയും തിളങ്ങാന്‍ സാധിച്ചില്ല. മനീഷ് – രമണ്‍ദീപ് സിംഗ് (4) സഖ്യത്തിന് അവസാന ഓവറുകളില്‍ ആറ് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button