മാനാഞ്ചിറയിൽ പോലീസുകാരന് സിറിഞ്ച് കൊണ്ട് ആക്രമണം; നാലുപേർ പിടിയിൽ

കോഴിക്കോട്: മാനാഞ്ചിറ സ്ക്വയറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ സിറിഞ്ച് ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ച കേസിൽ നാലുപേർ പിടിയിൽ. കോഴിക്കോട് പുതിയോടത്ത് വീട്ടിൽ ബെന്നി ലോയ്ഡ് (48), പരപ്പിൽ സ്വദേശി ദുക്കിർ മൻസിലിൽ റജാദ് (38), രാമനാട്ടുകര സ്വദേശി തട്ടായ്ത്താഴത്ത് പറമ്പ് വീട്ടിൽ നന്ദകുമാർ (25), ചാലപ്പുറം കോട്ടപ്പറമ്പ് സ്വദേശി കോയിക്കൽ പറമ്പ് വീട്ടിൽ അദ്നുൽ ഷാഹിം (22) എന്നിവരെയാണ് ടൗൺ പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.

ശനിയാഴ്ച വൈകുന്നേരം മുതൽ മാനാഞ്ചിറ സ്ക്വയറിൽ ടൗൺ പോലീസിനൊപ്പം എംഎസ്പി അംഗങ്ങളായ വിശാഖ്, ആദർശ് എന്നിവർ ഡ്യൂട്ടി ചെയ്യുകയായിരുന്നു. രാത്രി 7.40ഓടെ സ്ക്വയറിനുള്ളിൽ പണപ്പിരിവ് നടക്കുന്നുണ്ടെന്ന പരാതിയിൽ പോലീസ് പരിശോധനയ്ക്കെത്തി. ശുചിമുറിക്ക് സമീപത്തെ മരത്തറയിൽ ഇരിക്കുകയായിരുന്ന പ്രതികളോട് അവിടെ നിന്ന് പോകാൻ ആവശ്യപ്പെട്ടപ്പോഴാണ് ആക്രമണമുണ്ടായത്. പ്രതികൾ പോലീസിനെ വെല്ലുവിളിക്കുകയും ഒരാൾ കയ്യിലുണ്ടായിരുന്ന സിറിഞ്ച് ഉപയോഗിച്ച് ആദർശിന്റെ വലതു കൈപ്പത്തിയുടെ മുകൾഭാഗത്ത് കുത്തുകയും ഓടി രക്ഷപ്പെടുകയുമായിരുന്നു. പരിക്കേറ്റ പോലീസുകാരനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം സിറ്റി ക്രൈം സ്ക്വാഡും ടൗൺ പോലീസും ചേർന്ന് ഊർജിത തിരച്ചിൽ നടത്തി നഗരത്തിലെ വിവിധയിടങ്ങളിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

ഇവർ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണെന്നും പിടിച്ചുപറി, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണെന്നും പോലീസ് പറഞ്ഞു. ബെന്നി ലോയ്ഡിന് ലഹരി ഉപയോഗം, വിൽപന, മോഷണം, പിടിച്ചുപറി എന്നിവയിലായി 25ഓളം കേസുകൾ നിലവിലുണ്ടെന്നും മറ്റ് പ്രതികൾക്കെതിരെയും സമാന കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button