തുടര്‍ച്ചയായി പത്തുവര്‍ഷം ഭരിച്ചതിന്റെ അഹങ്കാരം പാര്‍ട്ടിക്കും ഭരണനേതൃത്വത്തിനും ഉണ്ടായിരുന്നുവെന്ന് മുതിര്‍ന്ന നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ ടി.എം. തോമസ് ഐസക്:പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ തുറന്നുപറഞ്ഞ് തോമസ് ഐസക്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ദാരുണമായ തോല്‍വിക്ക് കാരണം ജനങ്ങളുടെ മാറിയ ചിന്താഗതിയും വലതുപക്ഷ ഏകീകരണവുമാണെന്ന് വരുത്തിത്തീര്‍ത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന് കൈകഴുകാന്‍ ശ്രമിക്കുമ്പോള്‍, പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ തുറന്നുപറഞ്ഞ് മുതിര്‍ന്ന നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ ടി.എം.
തോമസ് ഐസക്. തുടര്‍ച്ചയായി പത്തുവര്‍ഷം ഭരിച്ചതിന്റെ അഹങ്കാരം പാര്‍ട്ടിക്കും ഭരണനേതൃത്വത്തിനും ഉണ്ടായിരുന്നുവെന്ന ഐസക്കിന്റെ പരസ്യപ്രസ്താവന സിപിഎമ്മിനുള്ളില്‍ വലിയ കൊടുങ്കാറ്റാണ് അഴിച്ചുവിട്ടിരിക്കുന്നത്. പിണറായിയുടെ ഏകപക്ഷീയ നിലപാടുകള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പുകയുന്ന അമര്‍ഷത്തിന്റെ പരസ്യമായ പ്രതിഫലനമാണ് ഐസക്കിന്റെ വാക്കുകളെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ആലപ്പുഴ വള്ളികുന്നത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കവെയാണ് ഐസക് പിണറായി വിജയന്റെയും പാര്‍ട്ടി നേതൃത്വത്തിന്റെയും നിലപാടുകളെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന രീതിയില്‍ സംസാരിച്ചത്. പത്തുകൊല്ലം തികച്ചു ഭരിച്ച നമുക്ക് അഹങ്കാരം കൂടിയിരുന്നുവെന്നും ജനങ്ങളുടെ വികാരത്തിനൊപ്പം നില്ക്കാന് സാധിച്ചില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ജനങ്ങളുടെ വികാരങ്ങളെ കണക്കിലെടുത്തു വേണമായിരുന്നു സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടിയിരുന്നതെന്ന ഐസക്കിന്റെ വിമര്‍ശനം, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പിണറായിയും സംഘവും കാണിച്ച ഏകപക്ഷീയതയ്ക്കുള്ള നേരിട്ടുള്ള മറുപടിയാണ്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ അയ്യപ്പസംഗമത്തെയും ഐസക് കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. സംഗമത്തില്‍ എന്താണ് പറഞ്ഞതെന്ന് ജനങ്ങള്‍ക്ക് വ്യാഖ്യാനിച്ചു കൊടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഭക്തജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതില്‍ ഭരണകൂടത്തിന് വീഴ്ച പറ്റി. ഇതോടൊപ്പം സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളെക്കുറിച്ചും ഐസക് ഓര്‍മ്മിപ്പിച്ചു. സഹകരണ ബാങ്കുകള്‍ ജനങ്ങളില്‍ നിന്ന് കാശ് വാങ്ങിയെങ്കില്‍ അത് തിരിച്ചു കൊടുക്കണം. വായ്പ വാങ്ങിയവര്‍ തിരിച്ചടയ്ക്കുകയും, അടയ്ക്കാത്തവരെ പാര്‍ട്ടി പുറത്താക്കുകയും വേണം. എങ്കിലേ ജനങ്ങള്‍ക്ക് വിശ്വസമുണ്ടാകൂ, നമ്മള് നന്നായി എന്ന് ജനങ്ങള്‍ക്ക് മനസ്സിലാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കണ്ണൂരില്‍ നടന്ന വിശദീകരണ യോഗങ്ങളില്‍ തോല്‍വിയുടെ ബാധ്യത മുഴുവന്‍ ജനങ്ങളുടെയും മാധ്യമങ്ങളുടെയും മേലിലിട്ട് പിണറായി വിജയന് നടത്തിയ പ്രസംഗങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുകയാണ്. തളിപ്പറമ്പിലും പയ്യന്നൂരിലും സംഘടിപ്പിച്ച യോഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി വിളിച്ചുചേര്‍ത്തതെന്നാണ് ആരോപണം. തോല്‍വിയെക്കുറിച്ച് വിശകലനം ചെയ്യാന്‍ കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗം ചേരാനിരിക്കെ, അതിനെ സ്വാധീനിക്കാനാണ് പിണറായി വിജയന് തിടുക്കപ്പെട്ട് കണ്ണൂരില്‍ ഏകപക്ഷീയ വിശദീകരണം നടത്തിയതെന്നാണ് ഒരുവിഭാഗം നേതാക്കള്‍ കരുതുന്നത്.
പയ്യന്നൂരിലും തളിപ്പറമ്പിലും തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന പ്രമുഖ നേതാക്കള്‍ പോലും പിണറായി പങ്കെടുത്ത ഈ വിശദീകരണ യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നത് അതൃപ്തിയുടെ ആഴം വ്യക്തമാക്കുന്നു. കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ പോലും മറികടക്കുന്ന വാദങ്ങളാണ് പിണറായി പൊതുവേദിയില്‍ ഉയര്‍ത്തിയത്. തോല്‍വിയില്‍ സ്വാഭാവികമായി ഉയരേണ്ടിയിരുന്ന സ്വയംവിമര്‍ശനത്തിന് തയ്യാറാകാതെ, എല്ലാം ശരിയായിരുന്നുവെന്ന് സ്ഥാപിക്കാനുള്ള പിണറായിയുടെ ശ്രമം തെറ്റുതിരുത്തല്‍ പ്രക്രിയയെ തന്നെ വെല്ലുവിളിക്കുന്നതാണെന്ന് മുതിര്‍ന്ന നേതാക്കള്‍ സ്വകാര്യമായി സമ്മതിക്കുന്നു.
ഇതുകൂടാതെ, തിരഞ്ഞെടുപ്പിന് ശേഷം സിപിഐയുമായി പിണറായി വിജയന് പരസ്യമായ വാക്പോരിലേക്ക് കടന്നതിലും സിപിഎം നേതാക്കള്‍ക്ക് കടുത്ത വിയോജിപ്പുണ്ട്. മുന്നണി മര്യാദകള്‍ ലംഘിച്ചുള്ള ഇത്തരം പരസ്യ പ്രതികരണങ്ങള്‍ സിപിഐക്ക് പൊതുസമൂഹത്തില്‍ മേല്‍ക്കൈ നേടിക്കൊടുക്കാനേ ഉപകരിച്ചുള്ളൂ എന്നാണ് വിലയിരുത്തല്‍. സിപിഎമ്മിന്റെ ഏകപക്ഷീയ നിലപാടുകള്‍ക്കെതിരെ സിപിഐ രംഗത്തെത്തിയതോടെ മുന്നണിയിലുണ്ടായ വിള്ളല്‍ തോല്‍വിയുടെ ആഘാതം കൂട്ടുകയാണ് ചെയ്തത്.
തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, ക്ഷേമപെന്‍ഷനുകളിലെ കുടിശ്ശിക, സഹകരണ മേഖലയിലെ അഴിമതി തുടങ്ങിയ ജനകീയ വിഷയങ്ങളില്‍ സര്‍ക്കാര്‍ പരാജയമായിരുന്നുവെന്ന് പൊതുസമൂഹം വിധിയെഴുതിക്കഴിഞ്ഞു. എന്നിട്ടും ‘വലതുപക്ഷ ഏകീകരണം’ എന്ന പഴയ സമവാക്യം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പിണറായി വിജയന്റെ ‘വണ്മാന് ഷോ’ ഇനി പാര്‍ട്ടിയില്‍ നടപ്പിലാകില്ലെന്ന സൂചനയാണ് നേതാക്കളുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഭരണത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് ജനങ്ങളെ അകറ്റിയതെന്ന ഐസക്കിന്റെ വാദം പാര്‍ട്ടിക്കുള്ളിലെ ഭൂരിപക്ഷം നേതാക്കളുടെയും ചിന്തയാണ്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരംഭിക്കാനിരിക്കെ, പിണറായി വിജയന്റെ തുടര്‍ച്ചയായ പരസ്യ പ്രസ്താവനകളും അതിനെതിരെയുണ്ടായ തിരിച്ചടികളും പ്രധാന ചര്‍ച്ചാവിഷയമാകും. കോഴിക്കോട് നടക്കാനിരിക്കുന്ന വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കലാണ് സെക്രട്ടേറിയറ്റിന്റെ പ്രധാന അജണ്ട. ഇതില്‍ പിണറായി വിജയന്റെ ഏകപക്ഷീയ രീതികള്‍ക്കെതിരെ വരുംദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ തുറന്നടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
വര്‍ഷങ്ങളായി പിണറായി വിജയന്റെ തണലില്‍ ചോദ്യം ചെയ്യപ്പെടാതെ നിന്ന പാര്‍ട്ടി നേതൃത്വത്തിന് ജനവിധി വലിയൊരു ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. അടിത്തട്ടിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ പിണറായിയുടെ ശൈലിയോടുള്ള എതിര്‍പ്പ് രൂക്ഷമാണ്. തോല്‍വിയുടെ ഉത്തരവാദിത്തം താഴെത്തട്ടിലേക്ക് വച്ചുകെട്ടി സ്വയം രക്ഷപ്പെടാന്‍ പിണറായി നടത്തുന്ന ശ്രമങ്ങളെ ചെറുക്കാന്‍ തന്നെയാണ് ഐസക്കിനെ പോലുള്ള മുതിര്‍ന്ന നേതാക്കളുടെ തീരുമാനം.
കഴിഞ്ഞ കുറച്ചുകാലമായി പിണറായി വിജയന് തുടരുന്ന വ്യക്തികേന്ദ്രീകൃത ഭരണശൈലിക്കേറ്റ കനത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. പത്തു കൊല്ലത്തെ ഭരണത്തിനിടയില്‍ ഉണ്ടായ അഹങ്കാരവും ജനവികാരം മാനിക്കാത്ത പോക്കും തിരുത്താതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് നേതാക്കള്‍ ഉറപ്പിച്ചു പറയുമ്പോള്‍, വരും ദിവസങ്ങളില്‍ സിപിഎമ്മിനുള്ളില്‍ വന്‍ ശക്തിപരീക്ഷണവും ചേരിതിരിവും നടക്കുമെന്നുറപ്പാണ്.




