അഴിമതി നിരോധന നിയമപ്രകാരം പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇ.ഡി കത്ത്; സർക്കാറിന് മുന്നിൽ ഇരുതലമൂർച്ചയുള്ള വാൾ
തിരുവനന്തപുരം: പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ഇ.ഡിയുടെ കത്ത് സർക്കാറിനെ സംബന്ധിച്ച് ഇരുതല മൂർച്ചയുള്ള വാൾ. ഇ.ഡി സ്വീകരിക്കുന്ന നിയമ തന്ത്രം സങ്കീർണവും സംസ്ഥാന സർക്കാരിന് രാഷ്ട്രീയ പ്രത്യാഘാതം സൃഷ്ടിക്കുന്നതുമാണ്. ഇ.ഡി റിപ്പോർട്ട് പ്രകാരം കേസെടുത്താൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി പ്രതിപക്ഷ നേതാവിനെ വേട്ടയാടുന്നുവെന്ന് ചിത്രീകരിക്കാൻ സി.പി.എം ശ്രമിക്കും. കേന്ദ്ര- സംസ്ഥാന അവിശുദ്ധ സഖ്യമാണ് ഇതിന് പിന്നിലെന്ന പ്രചാരണവുമുണ്ടാകും. മുഖ്യമന്ത്രി ഡൽഹിയിൽ ആഭ്യന്തര മന്ത്രിയെ കണ്ടതിന്റെ പിറ്റേന്ന് പ്രതിപക്ഷ നേതാവിന്റെ വസതിയിൽ നടന്ന ഇ.ഡി റെയ്ഡിനെ ഇ.ഡി-വി.ഡി സഖ്യനീക്കമെന്നാണ് സി.പി.എം വിശേഷിപ്പിച്ചത്. മുമ്പ് പ്രതിപക്ഷത്തിരിക്കുമ്പോൾ വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ മാസപ്പടി കേസിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിലവിലെ സാഹചര്യം മറ്റൊന്നാണ്.അതേസമയം, സർക്കാർ കേസെടുക്കാതിരിക്കുന്ന സാഹചര്യം ഉപയോഗപ്പെടുത്തുക ബി.ജെ.പി ആയിരിക്കും. കോൺഗ്രസും സി.പി.എമ്മും തമ്മിൽ രഹസ്യ ധാരണയെന്നാകും ബി.ജെ.പി പ്രചാരണം. അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്ന ആരോപണവും ഉയർത്തും. കേസിൽ കോടതി ഇടപെട്ട് അന്വേഷണം നിർദേശിച്ചാലും സർക്കാരിന് നാണക്കേടാകും. ഇങ്ങനെ പലവിധത്തിലാണ് ഇക്കാര്യം സർക്കാരിന് പ്രഹരമാകാൻ സാധ്യതയുള്ളത്.കേസെടുക്കേണ്ടവരുടെ പേരും പങ്കും വിശദീകരിച്ച് ഇ.ഡിതിരുവനന്തപുരം: മാസപ്പടിക്കേസിൽ ഡി.ജി.പിക്ക് നൽകിയ കത്തിൽ, കേസെടുക്കേണ്ടവർ ആരൊക്കെയെന്ന് പേരും പങ്കും നമ്പറിട്ട് നിരത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രിയും മകൾ ടി. വീണയും സി.എം.ആർ.എല്ലിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന് മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. ആരോപിക്കുന്നത്. മുൻമന്ത്രിയും എം.എൽ.എയുമായ മുഹമ്മദ് റിയാസ് കൈക്കൂലി വാങ്ങിയെന്നും ആ പണം വീണയും ചില സുഹൃത്തുക്കളും വഴി ദുബൈയിലേക്ക് അയച്ചെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. പട്ടിക ഇങ്ങനെ1. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ- മകൾ വീണ വഴി സി.എം.ആർ.എല്ലിൽനിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയതിന് കേസെടുക്കണം. സി.എം.ആർ.എൽ മുൻ സി.എഫ്.ഒ പി.സുരേഷ് കുമാറിന്റെ മൊഴിയാണ് ഇതിന് ആധാരം.2. മുഹമ്മദ് റിയാസ്- വീണയിലൂടെയും കൂട്ടാളികളിലൂടെയും കൈക്കൂലി പണം സ്വീകരിച്ചതിനും ആ പണം ദുബൈയിലേക്ക് കൈമാറിയതിനുമാണ് റിയാസിനെതിരെ കേസെടുക്കേണ്ടത്.3. ടി. വീണ- കൈക്കൂലി പണം ശേഖരിക്കാനും വഴിതിരിച്ചുവിടാനും പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും സഹായിച്ചു4. എക്‌സാലോജിക് സൊല്യൂഷൻസ്- വ്യാജ പേയ്മെന്റുകൾ വഴിതിരിച്ചുവിടാൻ ഉപയോഗിച്ച കോർപ്പറേറ്റ് സ്ഥാപനം5. എസ്.എൻ. ശശിധരൻ കർത്ത- സി.എം.ആർ.എൽ മാനേജിങ് ഡയറക്ടറായ ശശിധരൻ കർത്തക്കെതിരെ കൈക്കൂലി നൽകിയതിന് കേസെടുക്കണം6. പി. സുരേഷ് കുമാർ -സി.എം.ആർ.എൽ മുൻ സി.എഫ്.ഒ ആയ സുരേഷ് കുമാറിനെതിരെ കൈക്കൂലി നൽകാൻ സഹായിച്ചതിന് കേസെടുക്കണം7. എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്‍റ്സ്- കൈക്കൂലി പണം കൈമാറാൻ ഉപയോഗിച്ച സ്ഥാപനം.എട്ടുമുതൽ 12വരെയുള്ള ഷൈജൽ മുഹമ്മദ്, നിഖിൽ, ഹസൻ വാരിസ്, വി.പി. ഫൈജാസ്, എം. നന്ദുലാൽ എന്നിവർ കൈക്കൂലി പണം ശേഖരിക്കാനും കൈമാറാനും വീണയെയും മുഹമ്മദ് റിയാസിനെയും സഹായിച്ചു. 13. അറിയപ്പെടാത്ത മറ്റുള്ളവർ -ബന്ധപ്പെട്ട ഗൂഢാലോചനക്കാരും സഹായം ചെയ്തവരും.പരിശോധിച്ച് നടപടി -ചെന്നിത്തലകൊല്ലം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന നിർദേശത്തിൽ പരിശോധിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡി.ജി.പിക്ക് ഇ.ഡിയിൽനിന്ന് കത്ത് ലഭിച്ചെന്നും, അത് വിശദമായി പരിശോധിച്ച ശേഷം നിയമം അതിന്റെ വഴിക്ക് പോകുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. നിയമപ്രകാരമുള്ള നടപടികൾ മാത്രമേ പൊലീസ് കൈക്കൊള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.തട്ടിക്കൂട്ടിയ കേസെന്ന് സി.പി.എംതിരുവനന്തപുരം: രാഷ്ട്രീയ ഉന്നം വച്ചുള്ള ഇടപെടലിനെ രാഷ്ട്രീയമായി നേരിടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തട്ടിക്കൂട്ടിയുണ്ടാക്കിയ മൊഴിക്കപ്പുറം യാതൊരു രേഖയും ഇ.ഡിയുടെ കൈവശമില്ല. ഭരണമാറ്റത്തിന്‍റെ പശ്ചാത്തലത്തിൽ, രാഷ്ട്രീയപകപോക്കലിന് യു.ഡി.എഫ് സർക്കാർ തയ്യാറാകുമെന്ന നിഗമനത്തിലാണ് കോടതി തള്ളിയ കേസ് വീണ്ടും ഇ.ഡി ഉന്നയിക്കുന്നത്. കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്നുവെന്ന നിലപാടുള്ള കോൺഗ്രസ്, ഈ കേസിൽ എന്ത് സമീപനം സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ്.മാസപ്പടി കേസ് സി.ബി.ഐ അന്വേഷിക്കണം -മാത്യു കുഴൽനാടൻകോട്ടയം: സി.എം.ആർ.എൽ മാസപ്പടി കേസിൽ സംസ്ഥാന വിജിലൻസോ സി.ബി.ഐയോ അന്വേഷണം നടത്തണമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. കേസിൽ യഥാർഥ പ്രതി പിണറായി തന്നെയാണെന്ന് താൻ തുടക്കം മുതൽ പറഞ്ഞിരുന്നു. കേസിലുണ്ടായ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ട്. പോരാട്ടം ഒട്ടും എളുപ്പമായിരുന്നില്ല. ഇതിനെതിരെ ഇറങ്ങിയപ്പോൾ ഒരുപാട് ആളുകൾ ആക്ഷേപിച്ചു. തന്‍റെ വഴി തെറ്റിപ്പോയെന്ന് പറഞ്ഞവരുണ്ട്. മൂന്നു വർഷം മുമ്പ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശരിയാകുന്നതെന്നും കോട്ടയം പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളത്തിൽ കുഴൽനാടൻ പറഞ്ഞു. മാസപ്പടി കേസിൽ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കിൽ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് താൻ ആവർത്തിച്ച് പറഞ്ഞിരുന്നു. സംസ്ഥാന വിജിലൻസിനോ സി.ബി.ഐക്കോ മാത്രമാണ് അഴിമതി നിരോധന പ്രകാരമുള്ള കേസ് അന്വേഷിക്കാൻ സാധിക്കുക. അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസിലാണ് പിണറായി പ്രതിയാകുന്നത് -മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.പിണറായി സ്ഥാനമൊഴിയണം -ബി.ജെ.പിആലപ്പുഴ: സി.എം.ആർ.എൽ മാസപ്പടി കേസിൽ ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ എം.എൽ.എ പദവിയും പ്രതിപക്ഷ നേതൃസ്ഥാനവും രാജിവെക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി ആരോപണത്തിന് വിധേയനായതോടെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാനുള്ള ധാർമികത പിണറായി വിജയനില്ല. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പിണറായി വിജയനും മകൾക്കും മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധനനിയമപ്രകാരം കേസെടുക്കണം. നിയമത്തിന് വിധേയമായി കേസെടുത്തില്ലെങ്കിൽ ബി.ജെ.പി പ്രക്ഷോഭത്തിനിറങ്ങും -അദ്ദേഹം പറഞ്ഞു.





