പിണറായിയുടെയും കുടുംബത്തിന്റെയും ദിവസങ്ങള്‍ എണ്ണപ്പെട്ടു’; പോരാട്ടം തുടരുമെന്ന് സ്വപ്ന സുരേഷ്
‘
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങൾ മാത്രമേ മുന്നിലുള്ളൂവെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. പിണറായി വിജയൻ തൻ്റെ ജീവിതം തകർത്തു. തനിക്കെതിരെ വ്യാജ കേസുകളുണ്ടാക്കി. സത്യം വിളിച്ചുപറഞ്ഞതുകൊണ്ടാണ് തനിക്ക് കേസിന് പിറകേ നടക്കേണ്ടി വന്നത്. പിണറായി മുഖ്യമന്ത്രിയായിരുന്ന അഴിമതി നിറഞ്ഞ പത്ത് വർഷത്തെക്കുറിച്ച് ലോകത്തോട് ആദ്യമായി വിളിച്ചുപറഞ്ഞത് താനാണ്. താൻ ജീവനോടെയിരിക്കുന്നിടത്തോളം കാലം കേസിലെ സത്യം പുറത്തുകൊണ്ടുവരാൻ പോരാടുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.പിണറായിക്കും കുടുംബത്തിനും അമേരിക്കയിലും യുഎഇയിലും ബിസിനസ് സംരംഭങ്ങളുണ്ട്. ചികിത്സയ്‌ക്കെന്ന പേരിൽ നടത്തുന്ന വിദേശയാത്രകൾ ഇതിനുവേണ്ടിയാണ്. പിണറായിയേക്കാൾ ശക്തയായത് അദ്ദേഹത്തിന്റെ ഭാര്യയാണെന്നും ബിസിനസ് തന്ത്രങ്ങൾ മെനയാൻ പിണറായിക്ക് സമയമില്ലാത്തതിനാലാണ് എല്ലാ വിദേശയാത്രകളിലും ഭാര്യ ഒപ്പം പോകുന്നതെന്നും സ്വപ്ന സുരേഷ് പറഞ്ഞു. വീട്ടിൽ മകൾക്കും പേരക്കുട്ടിക്കുമല്ലാതെ മകന് യാതൊരു പ്രാധാന്യവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.സ്വർണക്കടത്ത്, ഡോളർ കടത്ത്, കെ-ഫോൺ, കെ-റെയിൽ, സിഎംആർഎൽ-എക്സാലോജിക് തുടങ്ങി എല്ലാ അഴിമതികളിലെയും പ്രവർത്തന രീതി സമാനമാണ്. ഇഡിയുടെ കസ്റ്റഡിയിലിരിക്കെ തനിക്ക് ഫോൺ നൽകി ഭീഷണിപ്പെടുത്തി പിണറായിയുടെയും ശിവശങ്കറിന്റെയും പേര് പറയിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നായിരുന്നു ആരോപണം. അതേ രീതിയാണ് മുൻമന്ത്രി റിയാസിന്റെ സുഹൃത്തിന്റെ കാര്യത്തിലും ആവർത്തിച്ചിരിക്കുന്നത്. ഇഡി ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് നൽകിയ പ്രസ്താവന പിന്നീട് പിൻവലിക്കുകയാണുണ്ടായത്. ഈ അഴിമതികൾക്കെല്ലാം പിന്നിൽ പ്രവർത്തിച്ച സിൻഡിക്കേറ്റിനെ മുഴുവനായി ചോദ്യം ചെയ്താലേ സത്യാവസ്ഥ പുറത്തുവരൂവെന്നും സ്വപ്ന സുരേഷ് പറഞ്ഞു. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ ഏതെങ്കിലും രീതിയിലുള്ള തടസ്സങ്ങൾ ഉണ്ടായാൽ ശിവശങ്കർ തനിക്ക് നൽകിയ രേഖകളും തെളിവുകളും ശബ്ദസന്ദേശങ്ങളും പുറത്തുവിടും. നിലവിൽ കേസും 164 മൊഴിയും കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് ഇവയൊന്നും പുറത്തുവിടാത്തതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.





