അമ്മയോട് മോശമായി പെരുമാറിയെന്ന് ആരോപണം; യുവാവിനെ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് കത്തിച്ചു
എറണാകുളം: അമ്മയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവാവിനെ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് കത്തിച്ചു. പിറവം സ്നേഹഭവൻ റോഡിൽ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കക്കാട് സ്വദേശി അരുണിനാണ് പൊള്ളലേറ്റത്.
75 ശതമാനം പൊള്ളലേറ്റ അരുൺ കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അരുണിനെ കത്തിച്ച സംഘത്തിലുണ്ടായിരുന്ന വിഷ്ണുവിനും പൊള്ളലേറ്റു.
ബുധനാഴ്ച രാത്രി അരുൺ വിഷ്ണുവിന്റെ അമ്മയെ ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചതിലുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് വിഷ്ണുവും സുഹൃത്തുക്കളും ചേർന്ന് അരുണിനെ വിളിച്ചുവരുത്തി കൈവശം കരുതിയിരുന്ന പെട്രോൾ തലയിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീകൊളുത്തുന്നതിനിടെ വിഷ്ണുവിനും പൊള്ളലേറ്റു.
അരുണും വിഷ്ണുവും അടങ്ങുന്ന സംഘം പ്രദേശത്ത് സ്ഥിരമായി മദ്യപിച്ചും ലഹരി ഉപയോഗിച്ചും പ്രശ്നമുണ്ടാക്കുന്നവരാണെന്നും പൊലീസ് പറയുന്നു. സംഭവസ്ഥലത്ത് പൊലീസും വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി. ഒളിവിൽ പോയ മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. 25 ശതമാനം പൊള്ളലേറ്റ വിഷ്ണു പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. വധശ്രമത്തിന് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.





