നാലു വയസ്സുകാരി സ്കൂൾ ബസിൽ ഉറങ്ങിപ്പോയി; ശ്രദ്ധിക്കാതെ ബസ് പൂട്ടിയിറങ്ങിയ ഡ്രൈവറും അസിസ്റ്റന്റും കസ്റ്റഡിയിൽ
മനാമ: സ്വകാര്യ ബസ്സിനുള്ളിൽ നാല് വയസ്സുകാരിയായ വിദ്യാർത്ഥിനിയെ മണിക്കൂറുകളോളം മറന്നു വെച്ച സംഭവത്തിൽ ഡ്രൈവറെയും ഒപ്പമുണ്ടായിരുന്ന വനിതാ സൂപ്പർവൈസറെയും ബഹ്റൈൻ പബ്ലിക് പ്രൊസിക്യൂഷൻ കസ്റ്റഡിയിലെടുത്തു. ചൂടേറ്റ് അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടി നിലവിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നിരീക്ഷണത്തിലാണ്. കിന്റർഗാർട്ടൻ സമയം കഴിഞ്ഞ് കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ ബന്ധു വന്നപ്പോഴാണ് കുട്ടി സ്കൂളിൽ എത്തിയിട്ടില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് ഡ്രൈവറെ ബന്ധപ്പെടുകയും പരിശോധിച്ചപ്പോൾ ബസ്സിനുള്ളിൽ കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. രാവിലെ ബസ്സ് പാർക്ക് ചെയ്യുമ്പോൾ അതിൽ കുട്ടികളാരും ബാക്കിയില്ലെന്ന് ഉറപ്പുവരുത്തുന്നതിൽ ഡ്രൈവർക്കും അസിസ്റ്റന്റിനും വീഴ്ച പറ്റിയതാണ് പ്രശ്നം. ബസിന്റെ ജനലുകളും വാതിലുകളും അടച്ച നിലയിലായിരുന്നു. വിദ്യാർത്ഥികളെ കൊണ്ടുപോകാൻ ഔദ്യോഗിക ലൈസൻസില്ലാതെയാണ് ഇയാൾ സർവീസ് നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സ്കൂളുമായി ഇയാൾക്ക് ബന്ധമില്ലെന്നും, ആവശ്യമായ ലൈസൻസുകൾ ഉണ്ടോ എന്ന് പരിശോധിക്കാതെ മാതാപിതാക്കൾ നേരിട്ട് കരാറിലേർപ്പെടുകയായിരുന്നുവെന്നും പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു. ഒപ്പമുണ്ടായിരുന്ന സ്ത്രീക്ക് ഔദ്യോഗികമായി സൂപ്പർവൈസർ തസ്തികയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ 7 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രൊസിക്യൂഷൻ, കേസ് ക്രിമിനൽ കോടതിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ സമാനമായ രീതിയിൽ അഞ്ചു വയസ്സുകാരനായ ഹസ്സൻ എന്ന കുട്ടി സ്വകാര്യ വാഹനത്തിനുള്ളിൽ ശ്വാസം മുട്ടി മരിച്ചിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഔദ്യോഗിക ലൈസൻസുള്ള വാഹനങ്ങൾ മാത്രം കുട്ടികളുടെ യാത്രയ്ക്കായി ഉപയോഗിക്കണമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.





