കുടുംബത്തിന് മൂന്ന് സൗജന്യ എല്‍പിജി സിലിണ്ടറുകള്‍; എല്ലാ സ്ത്രീകൾക്കും, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും സൗജന്യ ബസ് യാത്ര; വമ്പന്‍ പ്രഖ്യാപനങ്ങളുമായി വിജയ്

ചെന്നൈ: വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷത്തില്‍ മൂന്ന് സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. പുതുതായി അവതരിപ്പിച്ച സൗജന്യ പദ്ധതികളുടെ ഭാഗമായാണ് നിയമസഭയിലെ ഈ പ്രഖ്യാപനം. 2027ലെ പൊങ്കല്‍ മുതല്‍ നിലവില്‍ വരുന്ന ‘അണ്ണാപൂരാണി സൂപ്പര്‍ സിക്‌സ്’ പദ്ധതിയിലൂടെ ഏകദേശം 1.30 കോടി കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പ്രകാരം അര്‍ഹരായ ഗുണഭോക്താക്കള്‍ വാങ്ങുന്ന മൂന്ന് പാചകവാതക സിലിണ്ടറുകളുടെ തുക നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്യും. ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം ഏകദേശം 4,000 കോടി രൂപയുടെ അധിക ബാധ്യതയാണ് കണക്കാക്കുന്നത്. ഗള്‍ഫ് മേഖലയിലെ യുദ്ധസാഹചര്യത്തെ തുടര്‍ന്നുണ്ടായ പാചകവാതക സിലിണ്ടറുകളുടെ ലഭ്യതക്കുറവും വിലവര്‍ധനയും കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാക്കിയിട്ടുണ്ടെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് വിജയ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വര്‍ഷത്തില്‍ ആറ് സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ നല്‍കുമെന്ന് വിജയ്യുടെ തമിഴക വെട്രി കഴകം വാഗ്ദാനം ചെയ്തിരുന്നു. വനിതകള്‍ക്കായി നിലവിലുള്ള ‘വെട്രി പയന തിട്ടം’ (വിജയയാത്ര) പദ്ധതി വികസിപ്പിക്കുന്നതോടൊപ്പം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇനി സ്ത്രീകള്‍ക്ക് സാധാരണ ബസുകളില്‍ മാത്രമല്ല, എക്‌സ്പ്രസ്, എല്‍.എസ്.എസ്, ഡീലക്‌സ് സര്‍വീസുകളിലും സൗജന്യമായി യാത്ര ചെയ്യാം. ഈ ആനുകൂല്യം അന്തര്‍ജില്ലാ ബസ് സര്‍വീസുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷിക ദിനമായ ഒക്ടോബര്‍ 2 മുതലാണ് സൗജന്യ യാത്രാ പദ്ധതിയുടെ വ്യാപനം നടപ്പാക്കിത്തുടങ്ങുക. ഈ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം 6,000 കോടി രൂപയുടെ അധിക ചെലവാണ് കണക്കാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button